കൊട്ടാരക്കര: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് എല്ലാം ഒരുക്കി, ‘എല്ലാം സെറ്റ്’ എന്ന് മേനി പറയുന്ന വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഇത്തവണയും സ്‌കൂള്‍ ലൈബ്രറികളെ മറന്നു. എല്ലാ സ്‌കൂളുകളിലും കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയന്‍ എന്ന ആവശ്യവും ഫയലിലൊതുങ്ങി.
സ്‌കൂള്‍ ലൈബ്രറികളോട് അയിത്തം തുടരുമ്പോഴും സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരളാ ലൈബ്രറി കൗണ്‍സിലിന്റെ അധീനതയിലുള്ള ഗ്രാമീണ വായനശാലകള്‍ക്കും പബ്ലിക്ക് ലൈബ്രറികള്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്നത് കോടികളാണ്.
പൊതുവിദ്യാലയങ്ങളില്‍ കാര്യക്ഷമായ ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന് കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും 2001ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പെഷല്‍ റൂള്‍സിലും നിരവധി കോടതി വിധികളിലും പറയുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത്തവണയും എല്ലാ സ്‌കൂളുകളിലും ലൈബ്രറികളെന്ന ആവശ്യം ഫയലിലൊതുങ്ങും.
വായനയുടെ പ്രാധാന്യം മനസിലാക്കി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്താത്തതാണ് ഇതിന് കാരണം. 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിനെതിരേ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും നേടിയിരുന്നു.
ഉത്തരവ് നടപ്പാക്കാത്തതിനെതിരേ ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ കോടതിയലക്ഷ്യ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനത്തിന് സാമ്പത്തിക പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ന്യായം.
സേവനം നല്കാതെ ലൈബ്രറി ഫീസ്
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുമ്പോഴും ലൈബ്രേറിയന്‍ സേവനം നല്കാതെ ലൈബ്രറി ഫീസ് സര്‍ക്കാര്‍ ഈടാക്കുന്നതില്‍ വിമര്‍ശനം. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും ലൈബ്രറി ഫീസായി 25 രൂപ നല്കണം.
സ്‌കൂള്‍ ലൈബ്രേറിയന്റെ സേവനം നല്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങളായി ലൈബ്രറി ഫീസ് പിരിച്ചു വരുന്നത്. സ്‌കൂളുകളില്‍ വിദഗ്ധരായ ലൈബ്രറിയന്‍മാരെ നിയമിക്കാതെ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ലൈബ്രറി ചുമതല നല്കുന്നതാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: