ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പത്ത് വര്‍ഷം ഭാരതം നേടിയത് അത്ഭുതകരമായ വളര്‍ച്ചയാണെന്ന് ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ. വിമാനത്താവളങ്ങള്‍, റോഡുകള്‍, റെയില്‍, കടല്‍പ്പാത എന്നിവയില്‍ വലിയ മുന്നേറ്റമാണ് ഭാരതം കൈവരിച്ചത്. വിദേശനയമാണ് മോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ടോബ്ഗേ എഎന്‍ഐയോട് പറഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അയല്പക്കം ആദ്യം എന്ന മോദിയുടെ നയം സൃഷ്ടിച്ചത് മേഖലയില്‍ അഭൂതപൂര്‍വമായ ഐക്യമാണ്. വിദേശ നിക്ഷേപം, ആഭ്യന്തര ഉത്പാദനം, കൃഷി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നിവയിലെ മുന്നേറ്റം അതിശയകരമാണ്. ജി 20 സൃഷ്ടിച്ച ചലനം ചെറുതല്ല. മൂന്നാമൂഴത്തില്‍ അദ്ദേഹമെന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഭൂട്ടാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ടോബ്ഗേ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭൂട്ടാന് രാജാവിനെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ട്. മൂന്ന് മാസം മുമ്പാണ് ഞാനിവിടെ വന്ന് മടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നത്, അദ്ദേഹം പറഞ്ഞു. ഭാരതവും ഭൂട്ടാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പ്രധാനമന്ത്രി മോദി ഭൂട്ടാന് നല്കിയ പിന്തുണയില്‍ ജനങ്ങള്‍ നന്ദിയുള്ളവരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദരവ് ആഴത്തിലുള്ളതാണ്.
പ്രധാനമന്ത്രി മോദിയുടെ അവസാന ഭൂട്ടാന് സന്ദര്‍ശനത്തെ അനുസ്മരിച്ചുകൊണ്ട്, തനിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചതായും ഭൂട്ടാന്റെ എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചതായും ഷെറിങ് ടോബ്ഗേ പറഞ്ഞു. നിയുക്ത പ്രധാനമന്ത്രി മോദി ഗെലെഫു മൈന്ഡ്ഫുള്നെസ് സിറ്റിക്ക് നിരുപാധിക പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഭൂട്ടാനിലെത്തിയപ്പോള്‍ ധാരാളം സമയം ഞങ്ങളുടെ രാജ്യത്തിനായി ചെലവഴിച്ചു. രാജാവില്‍ നിന്ന് പരമോന്നത ബഹുമതി സ്വീകരിച്ചു, ഞങ്ങളുടെ എല്ലാ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഞങ്ങളുടെ സാമ്പത്തിക ഉത്തേജനത്തിനായി 1500 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ചു, ടോബ്ഗേ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭൂട്ടാന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പശ്ചിമ) പവന് കപൂര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: