തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം വ്യക്തമാക്കി മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. ഇതോടെ പതിവുപോലെ കേന്ദ്രത്തില്‍ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയന്. ജീവനക്കാരുടെ ഡിഎ മുടക്കവും പെന്ഷന് മുടക്കവും അടക്കം സകല വീഴ്ചകളുടെയും ഉത്തരവാദിത്വം കേന്ദ്രത്തില്‍ കെട്ടിവച്ചാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഒന്നാം സര്‍ക്കാരിന്റെ കാലത്ത് പ്രളയവും പകര്‍ച്ചവ്യാധിയുമായിരുന്നു പ്രതിസന്ധിയെങ്കില്‍ രണ്ടാം സര്‍ക്കാരില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ന്യായീകരണം. രാജ്യത്തു മറ്റൊരു സംസ്ഥാനത്തിനും ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടില്ല. അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കുന്നതിനെതിരേ കേരളത്തിനു സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. കോടതി കേരളത്തിന്റെ വാദം അംഗീകരിച്ചതോടെയാണ് വാശിയോടെ നിന്ന സമീപനം തിരുത്തിക്കാന്‍ കഴിഞ്ഞത്. കേരളത്തെ പുകഴ്ത്തുന്ന പരിപാടികള്‍ നിര്‍വഹിക്കുന്നതില്‍ തടസം സൃഷ്ടിക്കാനും അങ്ങനെ അത് ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളായിരുന്നു ഈ വാശിക്കു പിന്നിലെന്നുമുള്ള സ്ഥിരം പല്ലവി ആവര്‍ത്തിച്ചു. ഒപ്പം പെന്ഷന് മുടങ്ങല്‍, ഡിഎ മുടങ്ങല്‍, തുടങ്ങിയ വീഴ്ചകളും സമ്മതിച്ചാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഇരുപത് ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ പകുതിപോലും നല്കാനായിട്ടില്ലെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ 1.08 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അഭ്യസ്ത വിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് ബൃഹത്തായ തൊഴില്‍ പദ്ധതിക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ല.
നൈപുണ്യ പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും നടപ്പായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചു വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനത്തില്‍ 5300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ആരംഭിച്ചുള്ളൂ. ഒരു വര്‍ഷത്തിനിടെ 1100 എണ്ണം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം. ഒരു ലക്ഷം പേര്‍ക്ക് ഇതുവഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞതില്‍ 55,000 തൊഴിലവസരം മാത്രമാണ് സൃഷ്ടിച്ചത്.
അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം തൊഴിലവസര വാഗ്ദാനത്തില്‍ നടപ്പിലായത് 30,000 മാത്രം. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ കെ ഫോണില്‍ 5856 കുടുംബങ്ങള്‍ക്ക് മാത്രമാണ് സൗജന്യ കണക്ഷന് നല്‍കിയത്. ഏഴായിരത്തിലധികം വീടുകളില്‍ കണക്ഷന് നല്കി എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്. ഈ വര്‍ഷം എണ്ണം കുറയുകയാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതികളുടെ പുരോഗതി എത്ര ശതമാനമെന്ന് വ്യക്തമാക്കുന്നതിന് പകരം സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളുടെ ക്രോഡീകരണം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: