കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകേന്ദ്രങ്ങളില്‍ ബിജെപിക്കു വോട്ട് വര്‍ധിച്ചത് തുറന്നു സമ്മതിച്ച് എല്‍ഡിഎഫ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജന്‍.
ബിജെപി വോട്ടുവര്‍ധന പ്രത്യേക പ്രതിഭാസമാണെന്നും ഇതു പരിശോധിക്കുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ഇടതുകേന്ദ്രങ്ങളില്‍ ബിജെപി വോട്ട് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ചു പഠിച്ച് തിരുത്തേണ്ടവ തിരുത്തിയും പഠിക്കേണ്ടവ പഠിച്ചും നീങ്ങും. മുന്നണിയെക്കുറിച്ചോ സര്‍ക്കാരിനെക്കുറിച്ചോ ഉണ്ടായ ധാരണകളെന്തെന്നു തിരിച്ചറിഞ്ഞ് അതു പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുമെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തി. 2019ല്‍ സി.കെ. പദ്മനാഭന് 68,509 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ സി. രഘുനാഥ് 1,19,876 വോട്ട് നേടി. ഇരട്ടിയിലധികം വോട്ട് കൂടുതല്‍. എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു.
2019ല്‍ പി.കെ. ശ്രീമതി 4,35,182 വോട്ട് നേടിയിരുന്നു. ഇത്തവണ എം.വി. ജയരാജന് 4,09,542 വോട്ടേ കിട്ടിയുള്ളൂ. 25,640ന്റെ കുറവ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തുള്‍പ്പെടെ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തി. പിണറായിയുടെ വീടിനോടു ചേര്‍ന്ന ആര്‍സി അമല സ്‌കൂളിലെ 160, 161, 162 ബൂത്തുകളില്‍ സിപിഎമ്മിനു വലിയ വോട്ടു ചോര്‍ച്ചയുണ്ടായി. 2021ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ മൂന്ന് ബൂത്തുകളില്‍ നിന്ന് 2673 വോട്ട് ലഭിച്ചു. എം.വി. ജയരാജന് കിട്ടിയത് 2114 വോട്ട്. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച പാറപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശമാണ് പിണറായി. ഈ മൂന്നു ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് 345 വോട്ട് നേടി. 2019ല്‍ ഈ മൂന്നു ബൂത്തുകളില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 166 വോട്ടാണ് ലഭിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകള്‍ വയ്‌ക്കാനോ ലഘുലേഖകള്‍ വിതരണം ചെയ്യാനോ അനുവദിക്കാത്ത പ്രദേശമാണ് പിണറായി. സിപിഎം ഇതര സംഘടനകളെ ബൂത്തിലിരിക്കാനും സമ്മതിച്ചില്ല. പ്രചാരണം ഉള്‍പ്പെടെ സകലതും വിലക്കിയിട്ടും ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോര്‍ച്ച സിപിഎമ്മിനെ ഞെട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: