തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കരിനിഴല്‍ മായുംമുമ്പേ എല്‍ഡിഎഫില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഘടകകക്ഷികള്‍ തമ്മിലുള്ള അവകാശവാദം സിപിഎമ്മിന് കീറാമുട്ടിയാകും. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും എന്‍സിപിയും തമ്മിലാണ് വിട്ടുവീഴ്ചയില്ലാത്ത അങ്കം.
രാജ്യസഭാ സീറ്റുമായി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്കു ചേക്കേറിയ കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കാലാവധി കഴിഞ്ഞു. ഇതോടെയാണ് സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ലെന്നു സിപിഐ കടുത്ത നിലപാടെടുത്തതിനിടെയാണ് ആര്‍ജെഡിയും എന്‍സിപിയും സീറ്റിന് അവകാശമുന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ കോട്ടയത്തു വിജയിക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് അതുകൊണ്ടു തൃപ്തിപ്പെട്ടേക്കുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടല്‍. എന്നാല്‍ കനത്ത തോല്‍വിയോടെ തര്‍ക്കത്തിലെ സങ്കീര്‍ണത വര്‍ധിച്ചു. കേരള കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും പ്രാതിനിധ്യമില്ലാതായി.
തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താനുള്ള സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് സിപിഎം ആലോചന. എന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ.
ഇതിനിടെ, കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു മടങ്ങണമെന്നും വേണമെങ്കില്‍ വീട്ടിലെത്തി ചര്‍ച്ച നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പ്രതികരിച്ചതോടെ സിപിഎം കടുത്ത സമ്മര്‍ദത്തിലായി. ഇതോടെ ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷ സ്ഥാനം നല്കി കേരള കോണ്‍ഗ്രസിനെ തത്കാലം പിടിച്ചുനിര്‍ത്താനാകുമോ എന്ന ചിന്തയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: