തൃശൂർ: തൃശൂരിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടു. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക് ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വടക്കേ സ്റ്റാൻഡിന് സമീപത്തെ റോഡുകളിലും സ്വരാജ് റൗണ്ടിലും കൊക്കാലയിലും പൂങ്കുന്നത്തും വെള്ളക്കെട്ട് ജനജീവിതത്തെ ദുസ്സഹമാക്കി.
തൃശ്ശൂർ അശ്വിനി ആശുപത്രിയിലും നേരിയതോതിൽ വെള്ളം കയറി. തൃശൂർ വടക്കേചിറയ്ക്ക് സമീപമുള്ള സിറ്റി പോസ്റ്റ് ഓഫീസിലും വെള്ളം കയറി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പോസ്റ്റ് ഓഫീസിൽ വെള്ളം കയറിയത്. ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ താളം തെറ്റി. തൃശ്ശൂർ -കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സമാണ് രൂപപ്പെട്ടിട്ടുള്ളത്. ശങ്കരയ്യ റോഡിലും, പൂത്തോളിലും കൊക്കാലെയിലും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ എട്ടുമണിയോടെ ആരംഭിച്ച കനത്ത മഴയക്കും ഇടിമിന്നലിനും രണ്ടുമണിക്കൂറിന് ശേഷം അല്പം ശമനം വന്നെങ്കിലും തുടരുകയാണ്. ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം, ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.
ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില് മണ്ണിടിച്ചിലുണ്ടായി. കക്കയം 28ാം മൈൽ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നാണ് മണ്ണിടിച്ചിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിഫാം തകരുകയും അമ്പതോളം കവുങ്ങുകളും നശിച്ചു. വീടുകൾക്ക് നാശമുണ്ടായിട്ടില്ല. ഒരു ഷെഡ് മാത്രമേ ഈ പ്രദേശത്ത് ഉള്ളൂ. നിലവിൽ അടിവാരത്താണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: