ന്യൂദൽഹി : ലോക്സഭാ എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടു തുടങ്ങിയതോടെ കോൺഗ്രസ് നിഷേധാത്മക മനോഭാവത്തിലായിയെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മുഴുവൻ ഭൂരിപക്ഷം അവർ നേടുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രചരാണം. പക്ഷേ അവർക്ക് സാഹചര്യം എങ്ങനെയാണ് എന്ന് നല്ല രീതിയിൽ അറിയാം. വരാനിരിക്കുന്ന എക്സിറ്റ് പോളുകളിൽ അവരുടെ വൻ പരാജയമായിരിക്കും. അതിനാൽ അവർക്ക് മാധ്യമങ്ങളെ കാണുവാൻ കഴിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതിനാൽ അവർ മുഴുവൻ എക്സിറ്റ് പോളുകളും ബഹിഷ്കരിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നതാണ്. എന്നാൽ ഇത്തവണ, തോൽവി കാരണം അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതിനാലാണ് അവർ ബഹിഷ്കരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ എക്സിറ്റ് പോൾ ചർച്ചകളിൽ ടെലിവിഷൻ ചാനലുകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അമിത് ഷായുടെ പരാമർശം .
ടിആർപിക്ക് വേണ്ടി ഊഹാപോഹങ്ങളിൽ ഏർപ്പെടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് പവൻ ഖേര എക്സിൽ കുറിച്ചു. ജൂൺ 4 ന് ഫലം പുറത്തുവരും. അതിനുമുൻപ് ടിആർപിക്കായി ഊഹാപോഹങ്ങളിലും സ്ലഗ്ഫെസ്റ്റുകളിലും ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: