എല്ലാം ശരിയാക്കാമെന്ന അവകാശവാദവുമായി അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ ഒന്നും ശരിയായില്ലെന്നു മാത്രമല്ല, ഒരിക്കലും ശരിയാക്കാനാവാത്തവിധം ഓരോ മേഖലയും തകര്‍ത്തുകളയുകയും ചെയ്തിരിക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത മന്ത്രിമാര്‍ക്ക് അധികാരം ആസ്വദിക്കണമെന്നും, അഴിമതി നടത്തണമെന്നുമുള്ള വിചാരം മാത്രമാണുള്ളത്. നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതു മുതല്‍ ഏറ്റവുമൊടുവില്‍ വെളിപ്പെട്ട ബാര്‍ കോഴ വരെ അഴിമതിയാരോപണങ്ങളുടെ നീണ്ട നിരയാണ് അധികാരത്തുടര്‍ച്ച ലഭിച്ച പിണറായി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. സല്‍ഭരണം നടത്തുന്നതിനോ ജനജീവിതം മെച്ചപ്പെടുത്തുന്നതിനോ ആത്മാര്‍ത്ഥമായ യാതൊരു താല്‍പ്പര്യവും കാണിക്കാതെ എങ്ങനെയൊക്കെ അഴിമതി നടത്താം, അതിനുവേണ്ടി എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിക്കാം എന്നതുമാത്രമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നവരുടെ ചിന്ത. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ലെന്ന നയം സ്വീകരിക്കുകയും, പ്രളയവും കൊവിഡും പോലുള്ള ദുരന്തങ്ങള്‍പോലും അഴിമതി നടത്താനുള്ള അവസരങ്ങളായി കാണുകയും ചെയ്ത സര്‍ക്കാരാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ സമ്പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുകയും, കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങി ഭരണച്ചെലവ് നടത്തുകയും ചെയ്യുകയാണ്. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന മനോഭാവമാണ് ഭരണാധികാരികള്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും നല്കുന്ന പദ്ധതിക്ക് പണം നല്കാനാവാത്തതും ഇതിന്റെ ഫലമാണ്.
സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കുത്തഴിഞ്ഞ പുസ്തകംപോലെ കിടക്കുകയാണ് വിദ്യാഭ്യാസ രംഗം. പാഠപുസ്തകം കുട്ടികള്‍ക്ക് എന്നു കിട്ടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഏഴ് വര്‍ഷത്തിനിടെ ഒരിക്കല്‍പോലും പാഠപുസ്തകങ്ങള്‍ യഥാസമയം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിയില്ല. എല്ലാ വര്‍ഷവും കൊട്ടിഘോഷിച്ച് പ്രവേശനോത്സവം നത്തി പോരായ്മകളെയും വീഴ്ചകളെയും മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ എന്തു വിഡ്ഢിത്തവും വിളിച്ചുപറയാന്‍ മടിയില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രിയെ കിട്ടിയത് ഈ സര്‍ക്കാരിന്റെ ഭാഗ്യമാണെന്നു പറയാം. വിദ്യഭ്യാസ മന്ത്രിയെന്ന നിലയില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത മന്ത്രി പ്രൈമറി വിദ്യാര്‍ത്ഥികളുടെ മുന്നില്‍പ്പോലും പരിഹാസ്യനാണ്. പാര്‍ട്ടി ഏല്‍പ്പിച്ച പണി ചെയ്യുന്നുവെന്നല്ലാതെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളൊന്നും പരിഹരിക്കണമെന്ന ചിന്ത മന്ത്രി ശിവന്‍കുട്ടിക്കുള്ളതായി ആര്‍ക്കും തോന്നുന്നില്ല. രാഷ്ട്രീയരംഗത്തെ ഈ മന്ത്രിയുടെ ട്രാക് റെക്കോഡ് അറിയാവുന്നതിനാല്‍ ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും, മുഖ്യമന്ത്രി പിണറായിക്ക് വേണ്ടപ്പെട്ടവനായതുകൊണ്ടു മാത്രം സര്‍ക്കാരിന്റെ ഭാഗമായ ഈ മന്ത്രിയെ സഹിക്കുക മാത്രമേ ഗതിയുള്ളൂ എന്നുമുള്ള മാനസികാവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പാഠപുസ്തകം എത്തിക്കുന്നതിലായാലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിലായാലും വിദ്യാഭ്യാസ മന്ത്രിക്ക് അശേഷം താല്‍പ്പര്യമില്ല. വിദ്യാര്‍ത്ഥികളെ അന്നമൂട്ടുന്നതിനു പകരം അവരുടെ അന്നംമുട്ടിക്കുന്നതിലാണ് പിണറായി സര്‍ക്കാരിന് താല്‍പ്പര്യം.
പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസുവരെ ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും നല്കുന്ന പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതായിട്ടും ബജറ്റില്‍ ഇതിനായി പണം വകയിരുത്തിയിട്ടില്ല. ഉച്ചഭക്ഷണ പദ്ധതിയില്‍നിന്ന് ഇതിനു പണം കണ്ടെത്തണം. ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടിവരുന്ന തുകയില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണ്. 40 ശതമാനമാണ് സംസ്ഥാന വിഹിതം. ഇതിനു വേണ്ടിവരുന്ന അരി നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ ഈ ഫണ്ട് വാങ്ങിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും നല്കാന് സംസ്ഥാന സര്‍ക്കാരിനാവുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയൊക്കെ ഞെരുക്കാന്‍ ശ്രമിച്ചാലും ഇടതുമുന്നണി സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നിര്‍ത്തില്ല എന്നായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് മുഴുവന്‍ ലഭിക്കുകയും, കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുകയും ചെയ്തിട്ടും അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷനാണ് മുടങ്ങിയത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുക നിത്യനിദാന ചെലവുകള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നതാണ് കാരണം. കുട്ടികള്‍ക്ക് ഓരോ ദിവസം പാലും മുട്ടയും നല്കാന് പണമില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ക്ഷേമപദ്ധതികളുടെ പേരില്‍ വാചാലനാവുന്ന ധനമന്ത്രിക്ക് ബാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനുള്ളത് പാര്‍ട്ടി താല്‍പ്പര്യം മാത്രമാണ്. സിപിഎമ്മിന്റെ വോട്ടുബാങ്കായ അധ്യാപക യൂണിയന് ശക്തിപ്പെടുത്തി നിര്‍ത്താനാണ്, ആവശ്യമായ സൗകര്യങ്ങളൊരുക്കി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനല്ല ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ദുരന്തഫലമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം നല്കാനാവാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: