ജൂണ്‍ 4 നാണല്ലൊ വോട്ടെണ്ണല്‍. കൂട്ടിയും കിഴിച്ചും നോക്കിയാലും കോണ്‍ഗ്രസ് 40 സീറ്റ് കിട്ടിയാല്‍ ഭാഗ്യം. പിന്നെ തെറി വോട്ടിംഗ് യന്ത്രത്തിനാകും. ഇത്രയും ദയനീയ പരാജയം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളു കാണില്ല. തോല്‍വിക്ക് തന്ത ഉണ്ടാകില്ല എന്നുണ്ടല്ലൊ. ആങ്ങളെയും പെങ്ങളും മത്സരിച്ചുപറയും ഖാര്‍ഗെയാണ് ഉത്തരവാദിയെന്ന്. സീതാറാം കേസരിയെ അമ്മ പിണ്ഡം വച്ചപോലെ ഖാര്‍ഗെയെ പിണ്ഡംവച്ചാലും അത്ഭുതപ്പെടാനില്ല.
അമിഷ് ഷാ പറഞ്ഞത് കേട്ടില്ലെ? യുപിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പറഞ്ഞത്. അഞ്ചുഘട്ടം വോട്ടുകഴിഞ്ഞപ്പോള് ബിജെപി ഉറപ്പിച്ചു. 310 സീറ്റ് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എഴാംഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ്. മോദിയുടെ വിധി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഏഴുലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നുവച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നോ?
തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം പോളിങ് കുറഞ്ഞു. 8 സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്കായിരുന്നു വോട്ടിങ്. വൈകിട്ട് 8 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 61.22% പോളിങ്ങാണ് നടന്നത്. 2019ല്‍ ഇതേ മണ്ഡലങ്ങളിലെ പോളിങ് 64.22% ആയിരുന്നു. 8 മണ്ഡലങ്ങളില്‍ പോളിങ് നടന്ന ബംഗാളിലാണു കൂടുതല്‍ വോട്ടിങ്, 79.55%. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ആദ്യ കണക്കുകള്‍ പ്രകാരം 57.67% പോളിങ് നടന്നു. ഇതോടെ 543 ലോക്സഭാ മണ്ഡലങ്ങളില്‍ 486 ലും പോളിങ് പൂര്‍ത്തിയായി. ഒന്നാം തെരഞ്ഞെടുപ്പിലെ സീറ്റിന്റെത്ര വോട്ടിംഗ് തീര്‍ന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരത്തേയുള്ള 5 ഘട്ടങ്ങളില്‍ മൂന്നിലും വോട്ടിങ് കുറഞ്ഞിരുന്നു. ബിഹാര്‍, ബംഗാള്‍, ദല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് മെയ് 25ന് വോട്ടെടുപ്പു നടന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസിഡന്റ്സ് എസ്റ്റേറ്റിലെ സമ്പൂര്‍ണ വനിതാ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പത്നിയും നോര്‍ത്ത് അവന്യുവിലെ സിപിഡബ്ല്യുഡി സെന്ററില്‍ വോട്ടു ചെയ്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരും ദില്ലിയില്‍ വോട്ടുചെയ്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, സിപിഎം നേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സിപിഐ നേതാക്കളായ ഡി.രാജ, ആനി രാജ തുടങ്ങിയവര്‍ ദല്‍ഹിയിലെ വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്തു. പ്രകാശ് കാരാട്ടും വൃന്ദയും ദല്‍ഹി മണ്ഡലത്തിലെ സെന്റ് കൊളംബസ് സ്കൂളിലെ ബൂത്തില്‍ രാവിലെ വോട്ടു ചെയ്യാനെത്തിയപ്പോള്‍ വോട്ടിങ് യന്ത്രം കേടായതിനെത്തുടര്‍ന്ന് മടങ്ങിപ്പോയി. പിന്നെ വൈകിട്ടാണു വോട്ടു ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ചൂലിനും സിപിഎം നേതാക്കളും കേജ്രിവാളും കുടുംബവും കൈപ്പത്തിക്കുമാണ് കുത്തിയത്. ഗതികെട്ടാല്‍ പുലിപുല്ലും തിന്നും എന്ന് കേട്ടതല്ലെ ഉള്ളു. അതുതന്നെ ദല്‍ഹിയില്‍ സംഭവിച്ചിരിക്കുന്നു.
‘എന്റെ അഭിപ്രായത്തില്‍ രാഹുലിന്റെ പാര്‍ട്ടി പ്രവേശനത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പെരുമാറ്റത്തില്‍ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു’- അമിത് ഷാ പറയുന്നതങ്ങിനെയാണ്.
കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള പാര്‍ലമെന്റ് ബഹിഷ്കരണത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ ഒഴികഴിവുകള്‍ കണ്ടെത്തുകയാണ്. നേരത്തെ, ബഹിഷ്കരണത്തിന് കാരണമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു, ആ ബഹിഷ്കരണം പോലും കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോള്‍ ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നതും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് ആ ജനവിധി നല്‍കിയതിനാലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്, നിങ്ങള്‍ നരേന്ദ്രമോദിയെയല്ല, ഭരണഘടനാ സംവിധാനത്തെയാണ് അവഹേളിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന നടപടികളുണ്ടാകുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ തങ്ങള്‍ സുരക്ഷിതമായ സീറ്റുകള്‍ സ്വന്തമാക്കിയെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സീറ്റുകള്‍ ആദ്യ അഞ്ചുഘട്ടങ്ങളില്‍ നിന്നുതന്നെ ഞങ്ങള്‍ നേടിക്കഴിഞ്ഞുവെന്നുമാണ് അമിത്ഷാ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: