ഗോരഖ്പൂര്‍: രാമഭക്തരും രാജ്യദ്രോഹികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ദല്‍ഹിയിലെ സിംഹാസനത്തിലിരുന്ന് രാമഭക്തന് രാജ്യം ഭരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്കി രാമഭക്തനെ അധികാരത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഗോരഖ്പൂരിനുണ്ടെന്ന് അദ്ദേഹം ഇവിടെ നടന്ന എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞു.
1986ല്‍ ഗോരഖ്പൂരില്‍ നിന്ന് വീര്‍ ബഹാദൂര്‍ സിങ് മുഖ്യമന്ത്രിയായിരിക്കെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പൂട്ട് തുറന്ന് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇപ്പോള്‍ രാംലല്ല അവിടെ പ്രതിഷ്ഠിതനായിരിക്കുന്നു, എന്തുകൊണ്ടാണ് മോദിജിയോടിത്രയും ഇഷ്ടമെന്ന് ജനങ്ങളോട് ഞാന്‍ ചോദിച്ചു. രാംലല്ലയെ മടക്കിയെത്തിച്ചതുകൊണ്ടെന്ന് അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറയുന്നു, യോഗി ആദിത്യനണ്ടാഥ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രാമവിരുദ്ധരാണ്. അയോദ്ധ്യയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചതിന് രാമഭക്തനായ വീര്‍ ബഹാദൂര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോഴും അവരുടെ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. രാമക്ഷേത്രം പണിയാന്‍ പാടില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഈ സന്ദേശമാണ് അവര്‍ ലോകത്തിന് നല്‍കിയത്. സമാജ്വാദി പാര്‍ട്ടി രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ത്തവരാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് രാമക്ഷേത്രം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയില്ല എന്നാണ്. ഇരുകൂട്ടരുടെയും മാനസിക നില തെറ്റിയിരിക്കുന്നു. രാമക്ഷേത്രമെന്നത് ഭാരതത്തിന്റെ ശാശ്വതമൂല്യങ്ങളുടെ അടയാളമാണ്. അത് അവര്‍ക്ക് മനസിലാകില്ല. അവര്‍ രാമദ്രോഹികളാണ്, യോഗി പറഞ്ഞു.
രാമഭക്തരെ ചോരയില്‍ മുക്കിയവര്‍ ഇപ്പോള്‍ കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ നേരിടുകയാണ്. അവരുടെ നുണകളുടെ കെണിയില്‍ ആരും വീഴരുത്. രാമഭക്തരാണ് രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കുന്നത്. നാല് വരി, ആറ് വരി പാതകള്‍ ധാരാളമായി നിര്മ്മിച്ചിരുക്കുന്നു. എയിംസ്, ഐഐടി, ഐഐഎം, വിമാനത്താവളങ്ങള്‍ ഇതെല്ലാം രാജ്യത്തിന് രാമഭക്തരുടെ സംഭാവനയാണ്. സാമ്പത്തികമായി അവശതയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കിയത് രാമഭക്തരാണ്. കിസാന്‍ സമ്മാന്‍ നിധിയും ഉജ്ജ്വല പാചകവാതക പദ്ധതിയും ഓരോ വീട്ടിലും എത്തിച്ചത് രാമഭക്തരാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: