കോട്ടയം: കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണമുണ്ടായപ്പോള്‍ വീറോടുകൂടി നിയമസഭയ്ക്ക് അകത്തും പുറത്തും സമരം നടത്തി പൊതുമുതല്‍ തകര്‍ത്ത സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോഴത്തെ ആരോപണം കണ്ടില്ലെന്ന തരത്തില്‍ ഉറക്കം നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെറും ആരോപണത്തിന്റെ പേരില്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും കെ.എം. മാണിയെ വഴി തടയുകയും ചെയ്ത ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയി. കെ.എം. മാണിക്ക് എതിരെ ആരോപണം ഉണ്ടായപ്പോള്‍ സ്വീകരിച്ച നിലപാടല്ല ഇപ്പോള്‍ ഇടതു സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ബാര്‍ കോഴ ആരോപണത്തില്‍ ഡിവൈഎഫ്ഐ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. സിപിഎം ഇനിയെങ്കിലും കെ.എം. മാണിയോട് മാപ്പ് പറയാന്‍ തയ്യാറാവണം.
സിപിഎം ബാര്‍ കോഴ അഴിമതിയ്ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ആ മുന്നണിയില്‍ നിന്ന് വീണ്ടും അപഹാസ്യനാകാതെ ജോസ് കെ. മാണിയും കൂട്ടരും മുന്നണി ബന്ധം ഒഴിവാക്കാന്‍ തയ്യാറാവണം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും വേണ്ടവിധം പ്രതികരിക്കാന്‍ തയ്യാറാവാത്ത പ്രതിപക്ഷത്തിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പ്രൊഫ. ബാലുജി വെള്ളിക്കര, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷറര്‍ റോയി ജോസ്, സംസ്ഥന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. സെബാസ്റ്റ്യന്‍ മണിമല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: