കൊച്ചി: മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ നോക്കുകുത്തിയാക്കി വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് ഒഴുക്കിവിട്ട രാസമാലിന്യങ്ങള്‍ മത്സ്യകര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി ബിഎംഎസ് ആരോപിച്ചു. മനുഷ്യജീവന് കാലങ്ങളോളം ഹാനിയുണ്ടാക്കും. ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കുന്നതോടെപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാന ജലസ്രോതസായ പെരിയാറിനെ മലിനമാക്കുന്നതിലൂടെ ജലജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് വിഘാതമാകുന്നതോടൊപ്പം തന്നെ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെയും തകിടംമറിക്കുന്നതാണ്. സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തി ഒഴുക്കന്മട്ടില് നടക്കുന്ന അന്വേഷണ പ്രഹസനങ്ങളെ ബിഎംഎസ് എതിര്‍ക്കും. നിരന്തരമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വരുന്ന അലംഭാവമാണ് ഈ പ്രവണതക്ക് കാരണം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും, വ്യവസായ വകുപ്പിനും, വന്‍കിട കോര്‍പറേറ്റ് മുതലാളിമാര്‍ക്കും മാത്രമാണ് ഈ കൃത്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം.
ഇതിന് മുമ്പും പലവിധത്തിലും പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യക്കുരുതി നടന്നപ്പോഴും, അതിനെതിരെ കായല്‍ സമരം, കുടില്‍കെട്ടി സമരം എന്നീ പലവിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടുള്ള തൊഴിലാളി സംഘടനയാണ് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം. പെരിയാറിനേയും കൈവഴികളേയും ആശ്രയിച്ച് ഉള്‍നാടന്‍ മത്സ്യബന്ധനവും, മത്സ്യകൃഷിയും നടത്തി ജീവനോപാധി കണ്ടെത്തുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളേയും, കര്‍ഷകരേയുമാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്. സാധാരണക്കാരും, ഇടത്തരക്കാരുമായ പല മത്സ്യകര്‍ഷകരും വലിയ പലിശക്ക് പണം വായ്പയെടുത്തും, അവരുടെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനവും മത്സ്യകൃഷിക്കായി ഇറക്കിയിരിക്കുകയാണ്. പല മത്സ്യക്കൂടു കൃഷിക്കാരും അവരുടെ ഉത്പന്നം പൂര്‍ണ വളര്‍ച്ചയെത്തി വിളവെടുപ്പിനായി തയ്യാറെടുത്തിരുന്ന സമയത്താണ് ഇടിത്തീ പോലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ പഞ്ചായത്തുകളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി മാധ്യമങ്ങള്‍ പുറത്തുവിട്ട 9 കോടി രൂപയുടെ നഷ്ടം എന്നത് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിന്റെ നേര്‍സാക്ഷ്യമാണ്.
പ്രളയകാലത്തും, വെള്ളപ്പൊക്ക സമയത്തും കേരളത്തിന്റെ സൈന്യമെന്ന വാഴ്ത്തുപാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ദുരിതം വന്നപ്പോള്‍ കേവലം അന്വേഷണത്തിന് മാത്രം ഉത്തരവിട്ടിരിക്കുന്ന സര്‍ക്കാരും, മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യവസായ വകുപ്പും ഇരുട്ടില്‍ത്തപ്പുകയാണ്. ഇത്തരത്തില്‍ പെരിയാറിനെ മലീമസമാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് പ്രവര്‍ത്താനുമതി ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും, സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പെരിയാറിലെ മത്സ്യക്കുരുതിക്ക് സംസ്ഥാന സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണുക, രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനാനുമതി വ്യവസായ വകുപ്പ് റദ്ദാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, കായലിലെയും, പുഴകളിലെയും എക്കലും മണലും അടിയന്തരമായി നീക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 ന് രാവിലെ 10 മണിക്ക് വ്യവസായ വകുപ്പ് മന്തി പി. രാജീവിന്റെ വസതിയിലേക്ക് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തും.
ബിഎംഎസ് ദേശീയ സമിതിയംഗം സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘത്തിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ഫെഡറേഷന് ട്രഷറര്‍ എന്‍.എം സതീശന്, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി പി.വി. റെജി, യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി സജിത് ബോള്‍ഗാട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: