തിരുവനന്തപുരം: ബാറുടമകള്‍ക്കു പണമുണ്ടാക്കാനുതകുന്ന തരത്തില്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ സിപിഎം കോടികള്‍ വാങ്ങിയെന്ന വെളിപ്പെടുത്തലില്‍ അടിമുടിയുലഞ്ഞ് പാര്‍ട്ടിയും പിണറായി സര്‍ക്കാരും.
കോഴ നല്കാന്, ബാറുടമകളില്‍ നിന്നു രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് മദ്യമുതലാളിമാരുടെ അസോസിയേഷന് നേതാവ് അനിമോന്റെ ശബ്ദ സന്ദേശമാണ് കൊടുങ്കാറ്റായി കേരളത്തില്‍ ഇന്നലെ ആഞ്ഞുവീശിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ രാജിക്കായി മുറവിളി ഉയര്‍ന്നു.
സിപിഎം കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. കോഴയിടപാടു മറയ്ക്കാന്‍ ന്യായീകരണ ക്യാപ്സൂളുമിറങ്ങി. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ആസ്ഥാന മന്ദിരം പണിയാനാണ് ബാറുടമകളില്‍ നിന്നു രണ്ടര ലക്ഷം രൂപ വീതം പിരിക്കുന്നതെന്ന ന്യായീകരണം പക്ഷേ വിലപ്പോയിട്ടില്ല. തെരഞ്ഞെടുപ്പിനു ലക്ഷങ്ങള്‍ വാങ്ങിയതിനു പിന്നാലെയാണ് പുതിയ മദ്യനയത്തിനും കോടികള്‍ വാങ്ങുന്നത്.
ഡ്രൈ ഡേ (മദ്യവില്പനയ്ക്കു വിലക്കുള്ള ദിവസങ്ങള്‍) ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും സിപിഎമ്മിനു കൊടുക്കാനാണ് അനിമോന് കോഴ ആവശ്യപ്പെട്ടത്. ഒരു ബാറുടമ രണ്ടര ലക്ഷം രൂപ വീതം നല്‍കണം. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്ന് ഫെഡറേഷന് ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശത്തില്‍ പറയുന്നു.
കേരളത്തില്‍ ആയിരത്തോളം ബാറുണ്ട്. ഒരു ബാറില്‍ നിന്ന് രണ്ടര ലക്ഷം രൂപ വീതം വാങ്ങിയാല്‍ 25 കോടിയോളം ലഭിക്കും. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാമെന്ന നയത്തിനും അനുമതിയായി. ഓരോ പാര്‍ക്കിനും ലൈസന്‍സ് കൊടുക്കുന്നതോടെ ഇതിലൂടെയും കോടികള്‍ കൈക്കലാക്കാം.
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യ പ്രകാരം ടൂറിസം മേഖലകളില്‍ മദ്യം വിളമ്പാനുള്ള മറ്റൊരു പദ്ധതിയുമൊരുങ്ങുന്നു. ഇവിടെയും ലൈസന്‍സിനു കോടികള്‍ വാങ്ങും.
സന്ദേശം പുറത്തായതോടെ പിരിക്കാന്‍ പറഞ്ഞതു ശരിയാണെന്ന് സിപിഎം നേതാവും അസോസിയേഷന് സംസ്ഥാന പ്രസിഡന്റുമായ സുനില്‍കുമാര്‍ സമ്മതിച്ചു. അനിമോനെ സംഘടനയില്‍ നിന്നു പുറത്താക്കിയെന്നും പിരിക്കാന്‍ പറഞ്ഞത് കെട്ടിട നിര്‍മാണത്തുകയാണെന്നുമായിരുന്നു സുനിലിന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അസോസിയേഷന് സംസ്ഥാന കമ്മിറ്റിയില്‍ കെട്ടിട നിര്‍മാണം ചര്‍ച്ച ചെയ്തില്ല, പുതിയ മദ്യനയമായിരുന്നു യോഗത്തിന്റെ അജണ്ട.
അനിമോന് പറഞ്ഞത്
പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേയെടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ട്. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു. അവിടെ നിന്നാണ് ശബ്ദ സന്ദേശമയയ്ക്കുന്നതെന്ന് അനിമോന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: