ന്യൂദല്‍ഹി: രാജ്യസഭാംഗവും ആംആദ്മി പാര്‍ട്ടി നേതാവുമായ സ്വാതി മാലിവാളിന് സുരക്ഷ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് നിര്‍ഭയയുടെ മാതാവ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ അതിക്രമം നേരിട്ടതില്‍ സ്വാതി മാലിവാളിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതാണിക്കാര്യം.
സ്വാതി ഉന്നയിച്ച പരാതിയില്‍ എത്രയും വേഗം കര്‍ശന നടപടി കൈക്കൊള്ളണം. അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നിര്‍ഭയയുടെ മാതാവ് ആശാ ദേവി ആവശ്യപ്പെട്ടു. ദല്‍ഹിയുടെ മുഖ്യമന്ത്രിയാണ് കേജ്രിവാള്. ദല്‍ഹിയിലെ ജനങ്ങളുടെ മകനും സഹോദരനുമാണെന്നാണ് അദ്ദേഹം സ്വയം പറയുന്നത്. അങ്ങനെയൊരാള്‍ സ്വാതിയുടെ വിഷയത്തില്‍ കടുത്ത നടപടി തന്നെ കൈക്കൊള്ളണം.
സ്വാതിയെപ്പോലൊരു എംപിക്ക് ഇത്തരത്തില്‍ അതിക്രമം നേരിടേണ്ടി വന്നത് എന്നില്‍ ഞെട്ടല്‍ ഉളവാക്കി. നിര്‍ഭയയുടെ വിഷയത്തില്‍ സ്വാതി എന്ന നേതാവിന്റെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞതാണെന്നും ആശാ ദേവി അവരെ പ്രശംസിച്ചു. നിര്‍ഭയ വിഷയത്തില്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രോധവും പ്രതിഷേധവും മുതലെടുത്താണ് എഎപി എന്ന പാര്‍ട്ടി ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്.
അത്തരം ഒരു പാര്‍ട്ടിയിലെ വനിതാ നേതാവിനാണ് അതിക്രമം നേരിടേണ്ടി വന്നത്. വിഷയത്തില്‍ പ്രതികരിക്കാനും നടപടി സ്വീകരിക്കാനും കേജ്രിവാള് വൈകിയതിലും നിര്‍ഭയയുടെ അമ്മ വിമര്‍ശിച്ചു. ദല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം സംബന്ധിച്ച് മുഖ്യമന്ത്രി ഓര്‍മിക്കണം. സ്ത്രീക്ക് നേരെയാണ് അതിക്രമമുണ്ടായിരിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള സമയം.
കൂടാതെ സംസ്ഥാനത്തെ ജയില്‍ നിയമങ്ങള്‍ പരിഷ്കരിക്കാനും അവര്‍ ആവശ്യപ്പെട്ടു. നിര്‍ഭയ സംഭവം നടന്ന് പത്ത് കൊല്ലമായെങ്കിലും നിയമ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. നീതിയും ന്യായവും ഇപ്പോഴും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ഭയയുടെ അമ്മ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ ഈ പ്രതികരണം സ്വാതി അവരുടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തനിക്കനുകൂലമായി സംസാരിച്ചതിനാല്‍ നിര്‍ഭയയുടെ അമ്മയെ ഇനി ബിജെപി ഏജന്റായി മുദ്ര കുത്തപ്പെടുമെന്നും സ്വാതി വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: