കൊളംബോ: ശ്രീലങ്കയിലെ സീതാ അമ്മന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് ജലമെത്തിച്ചത് സരയൂ നദിയില്‍ നിന്ന്. സീതാ ഏലിയ എന്ന ഗ്രാമത്തിലെ സീതാ അമ്മന്‍ക്ഷേത്രത്തില്‍ അയോദ്ധ്യാ സരയൂവിലെ ജലമാണ് പ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. അയോദ്ധ്യയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിഷ്ഠയ്ക്കുള്ള പുണ്യജലം സീതാ ഏലിയയിലേക്ക് എത്തിച്ചു നല്‍കിയത്.
ശ്രീരാമ ചന്ദ്രനോടുമുള്ള ഭക്തിയും സ്നേഹവുമാണ് പ്രതിഷ്ഠയ്ക്കായുള്ള പുണ്യജലം ഭാരതത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് കടല്കടന്നെത്തിയതിന് പിന്നില്‍. ശ്രീലങ്കയിലെ ഭാരത ഹൈക്കമ്മിഷന് സന്തോഷ് ഝാ, ശ്രീ ശ്രീ രവി ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള 5,000 ലഡുവും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന ലഘുലേഖകളും സീതാ അമ്മന്‍ ക്ഷേത്രത്തില്‍ എത്തിച്ചിട്ടുണ്ട്.
അയോദ്ധ്യയില്‍ നിന്ന് കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീരാമ വിഗ്രഹവും രാമന്, സീത, ലക്ഷ്മണ്, ഹനുമാന് എന്നിവരുടെ ചിത്രങ്ങളും, സീതാ ദേവിക്കായി പ്രത്യേകം നിര്‍മിച്ചെടുത്ത പട്ടുസാരിയും ഭാരതത്തില്‍ നിന്നും എത്തിച്ചിരുന്നു. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു സമര്‍പ്പിച്ചതിന് ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് അവസാനമായത്. കൂടാതെ സീതാ ദേവിയുടെ ജന്മസ്ഥലമായ നേപ്പാളില്‍ നിന്നും സീതാ അമ്മന്‍ ക്ഷേത്രത്തിന് വഴിപാടുകള്‍ നല്കി. ആയിരക്കണക്കിന് ഭക്തരാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: