ബ്യൂണര്‍ ഐറിസ്: കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന അന്താരാഷ്ട്ര ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസി നയിക്കുന്ന ടീമിനെ കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം കൂടി കണക്കിലെടുത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്.
സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിയുടെ കരിയറില്‍ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം യൂറോ ജേതാക്കളായ ഇറ്റലിയ കീഴടക്കി ഫൈനലിസിമ്മ കിരീടത്തിലും ടീം മുത്തമിട്ടു. അക്കൊല്ലം ഒടുവിലാണ് 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകപ്പ് നേടിയത്.
കോപ്പ അമേരിക്ക ടീമില്‍ ക്ലബ്ബ് ലീഗ് ജേതാക്കളായ മൂന്ന് ടീമിലെ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹൂലിയന്‍ അല്‍വാരസ്, ബുന്ദസ് ലിഗ സ്വന്തമാക്കിയ ബയെര്‍ ലെവര്‍കുസനിലെ എക്സിക്വേല്‍ പാസിയോസ്, ഇറ്റാലിയന്‍ ലീഗ് സീരിഎ നേടിയ ഇന്റര്മിലാന് നായകന് ലാട്ടരോ മാര്‍ട്ടിനസ് എന്നിവരാണ് ടീമിലുള്ളത്.
കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും കളത്തില്‍ സജീവമായത്. അര്‍ജന്റീനയ്ക്ക് വേണ്ടി തുടര്‍ന്നും കളിക്കുന്നതില്‍ താരം അതീവ സന്തുഷ്ടനാണെന്ന് മെസി പറഞ്ഞു. ഇപ്പോള്‍ എനിക്ക് കോപ്പ അമേരിക്കയില്‍ രാജ്യത്തിന് വേണ്ടി കളിക്കാനാകും. പക്ഷെ രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് ലോകകപ്പ് നടക്കുമ്പോള്‍ 39 വയസായിട്ടുണ്ടാകും. പൊതുവില്‍ കളിക്കാന്‍ അനുയോജ്യമായ പ്രായമല്ല അതെന്നും താരം പറഞ്ഞു.
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടത്. പെറു, ചിലി, കാനഡ എന്നവരാണ് ടീമുകള്‍. ജൂണ്‍ 20ന് ജോര്‍ജിയയിലെ മെഴ്സിഡെന്സ് ബെന്‍സ് സ്റ്റേഡിയത്തിലാണ് അര്‍ജന്റീനയുടെ ആദ്യ കളി.
ടീം:
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനസ്, ഫ്രാങ്കോ അര്‍മാനി, ജെറോനിമോ റുള്ളി
പ്രതിരോധക്കാര്‍: ഗോന്‍സാലോ മോണ്ടിയേല്‍, നഹുവേല്‍ മൊലീന, ലീണാര്ഡോ ബലേര്‍ദി, ക്രിസ്റ്റിയന്‍ റൊമീറോ, ജര്‍മന്‍ പെസ്സെല്ല, ലുകാസ് മാര്‍ട്ടിനെസ്, നിക്കോളാസ് ഓട്ടോമെന്‍ഡി, ലിസാന്ദ്രോ മാര്‍ട്ടിനെസ്, മാര്‍കോസ് അക്യൂണ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലെന്റിന് ബാര്‍കോ
മധ്യനിരക്കാര്‍: ഗ്വിയഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പരഡേസ്, അലെക്സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, എക്സിക്വെല് പാലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ
മുന്നേറ്റ നിര: എയ്ഞ്ചല്‍ ഡി മരിയ, വാലെന്റിന് കാര്‍ബോനി, ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, അലെയാന്ദ്രോ ഗര്‍ണാച്ചോ, നിക്കോളാസ് ഗോന്സാലെസ്, ലാട്ടരോ മാര്‍ട്ടിനസ്, ഹൂലിയന്‍ അല്‍വാരസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: