തിരുവനന്തപുരം: ഡിപ്പോകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റും മെഡിക്കല്‍ ഷോപ്പുകളും റസ്റ്റോറന്റുകളും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി കരാര്‍ ക്ഷണിക്കുന്നു. ഗതാഗതേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ 14 സ്റ്റേഷനിലാണ് പദ്ധതി ആരംഭിക്കുക. കെഎസ്ആര്‍ടിസിക്ക് ശരാശരി 20 ലക്ഷത്തോളം യാത്രക്കാരുണ്ടെന്നും അതില്‍ പത്തുലക്ഷത്തോളമെങ്കിലും ഡിപ്പോയില്‍ കയറുമെന്നുമാണ് കണക്ക്. അതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിജയകരമാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനായുള്ള സ്ഥല വാടക ഇനത്തില്‍ 30 കോടി രൂപയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി കരുതുന്നത്. ആദ്യഘട്ടത്തില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട,് ചാത്തന്നൂര്‍, അങ്കമാലി, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം, തൃശ്ശൂര്‍, അടൂര്‍, കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, എടപ്പാള്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് മിനി സൂപ്പര്‍മാര്‍ക്കറ്റും മറ്റും ഒരുക്കുക. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളെയെല്ലാം ഇതിനായി ക്ഷണിക്കും.
കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന് ഗതാഗതമന്ത്രിയും കോര്പ്പറേഷന് അധികൃതരും പലതരത്തില്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഡിപ്പോകളിലും ബസുകളിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട് . ദീര്‍ഘദൂര ബസുകളില്‍ കോഫി വെന്‍ഡിങ് മെഷീന് സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബസുകളുടെ ഡ്രൈവര്‍ സീറ്റിനു പിറകിലായാണ് വെന്‍ഡിങ് മെഷീന് സ്ഥാപിക്കുക. ഇതും കരാര്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. കാപ്പിയും ചായയും ലഘുഭക്ഷണവും ഈ മെഷീന് വഴി ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: