ആലുവ: ദിവ്യാംഗരുടെ ഉന്നമനത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സക്ഷമ, സൂര്‍ദാസ് ജയന്തിയും ദിവ്യാംഗരുടെ കലോത്സവവും സംഘടിപ്പിച്ചു. കടുങ്ങല്ലൂര്‍ നരസിംഹസ്വാമി ക്ഷേത്ര ഹാളില്‍ നടന്ന പരിപാടി ചലച്ചിത്ര താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയില്‍ തനിക്ക് ലഭിച്ച അവസരങ്ങളും അംഗീകാരവും ഏതൊരു ദിവ്യാംഗനും പ്രാപ്യമാണെന്നും അമ്മമാരാണ് തന്നെ പോലുള്ളവരുടെ ശക്തിയും കരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും നൈപുണ്യ വികസനത്തിനുമായി സക്ഷമ പലവിധ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നതായി മുഖ്യപ്രഭാഷകന്‍ പി. സുഭാഷ് അറിയിച്ചു.
ബഹുരാഷ്ട്ര കമ്പനിയായ യുഎസ്ടി നല്കിയ നിയോബോള്‍ട്ട് ഇലക്ട്രിക് വീല്‍ചെയര്‍ ദിവ്യാംഗനായ വിഷ്ണുവിന് ഗിന്നസ് പക്രു കൈമാറി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ദിവ്യാംഗരെ ആദരിച്ചു. നൂറോളം ദിവ്യാംഗ കലാകാരന്മാര് കലാപരിപാടികള്‍ അവതരിപ്പിച്ചു. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് ആര്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ബേബി സരോജം, സക്ഷമ സംസ്ഥാന സമിതി അംഗം പി. സുന്ദരം, നരസിംഹസ്വാമി ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി.സി. മുരളീധരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ബി. സുധീര്‍ സ്വാഗതവും യുവ പ്രമുഖ് ആകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: