ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 7 വൈകിട്ട് 5 മണിവരെ
അഡ്മിഷന് പോര്‍ട്ടല്‍ https://admissions.keralauniversity.ac.in-
അഡ്മിഷന് നടപടികള്‍ ഏകജാലക സംവിധാനം വഴി
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് വെബ്സൈറ്റിലുണ്ട്
കേരള സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെയും ഗവണ്മെന്റ്/എയിഡഡ്/സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആര്‍ഡി ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും 2024-25 അധ്യയനവര്‍ഷത്തെ നാല്വര്ഷ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് അഡ്മിഷന് നടപടികള്‍. ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത.
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുവാന്‍ ഇനിപറയുന്ന മൂന്ന് ഓപ്ഷനുകളിലൊന്ന് വിനിയോഗിക്കാം.
1. മൂന്ന് വര്‍ഷ ബിരുദം: പ്രവേശനം നേടി മൂന്നാം വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷനിലൂടെ പഠനം നിര്‍ത്താവുന്നതാണ്. മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ 3 വര്‍ഷ ബിരുദം ലഭിക്കും. ഇവര്‍ക്ക് 2 വര്‍ഷത്തെ തുടര്‍പഠനം വഴി ബിരുദാനന്തര ബിരുദം നേടാം.
2. നാലുവര്‍ഷ ബിരുദം (ഓണേഴ്സ്): നാലുവര്‍ഷം വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് ബിരുദം ലഭിക്കും.
3. നാലുവര്‍ഷ ബിരുദം (ഓണേഴ്സ് വിത്ത് റിസര്‍ച്ച്): ഗവേഷണ താല്പര്യമുള്ളവര്ക്ക് ഈ കോഴ്സില്‍ ചേരാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം സമ്മാനിക്കും.
സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ ബിബിഎ (ഓണേഴ്സ് വിത്ത് റിസര്‍ച്ച്) ഉള്‍പ്പെടെ 16 മേജര്‍ പ്രോഗ്രാമുകളും 51 മൈനര്‍ കോഴ്സുകളും ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളില്‍ 63 മേജര്‍ പ്രോഗ്രാമുകളില്‍ വൈവിധ്യമാര്‍ന്ന ഇരുനൂറില്പരം മൈനര്‍ കോഴ്സുകളും സ്പെഷ്യലൈസേഷനുകളുമുണ്ട്.
സര്‍വ്വകലാശാല പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ലഭ്യമായ ബിരുദ കോഴ്സുകളും സവിശേഷതകളും സീറ്റുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളുമടങ്ങിയ പ്രോസ്പെക്ടസ്, പ്രവേശന വിജ്ഞാപനം എന്നിവ https://admissions.keralauniversity.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 2024 ജൂണ്‍ 7 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 600 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 350 രൂപ. വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന് വരെ സെലക്ട് ചെയ്യാവുന്നതാണ്. പ്രവേശനമാഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് ഓപ്ഷന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന് പോര്‍ട്ടലിലുണ്ട്. ഹെല്പ്പ്ലൈന് നമ്പരുകള്‍- 8281883052, 8281883053.
പ്രതികരിക്കാൻ ഇവിടെ എഴുതുക: