എന്റെ പ്രൊഫഷണല്‍ നാടകകാലത്ത് ഞാന്‍ കണ്ട സര്‍ഗ്ഗധനരായ നടീനടന്മാരില് ഏറ്റവും പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എംസി കട്ടപ്പന. ഓടയില്‍നിന്ന് എന്ന നാടകത്തിന്റെ പരീശീലനത്തിനിടയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. ഓടയില്‍നിന്നിലെ പപ്പുവിനെ അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം.
നടന് സത്യന് അനശ്വരനാക്കി മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ച ശക്തനായ കഥാപാത്രം. അതെങ്ങനെ നാടകത്തില്‍ ചെയ്യും എന്നറിയാനായി മലയാളനാടകവേദി കാത്തിരിക്കുന്നു. സത്യന്‍മാഷെ മറികടന്ന് ആ കഥാപത്രത്തെ അവതരിപ്പിക്കാന്‍ എന്തായാലും കഴിയില്ല. നാടകം പൊളിയരുത്. എന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ സമയം. രണ്ടുവഴികളാണ് ഞാന്‍ കണ്ടെത്തിയത്. ഒന്ന് ഞങ്ങളുടെ പരിമിതി ആദ്യമേ തുറന്നുപറയുക. മറ്റൊന്ന് ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ കഥാപാത്രത്തെ പകുക്കുക. അന്നത്തെ പ്രൊഫഷണല്‍- കച്ചവട നാടകക്കാര്‍ക്ക് ചിന്തിക്കാനാവാത്ത കാര്യം. പരിമിതി ആദ്യമേതന്നെ തുറന്നുപറയുക എന്നാല്‍ അവരുടെ സങ്കല്‍പ്പത്തില്‍ നാടകം പൊളിഞ്ഞുവെന്നാണ് അര്‍ത്ഥം. മുഴുനീളവേഷം ചെയ്യാന്‍ വന്നയാളോട് നിങ്ങളുടെ വേഷം മൂന്നുപേര്ക്കായിട്ട് പങ്കുവെക്കാന്‍ പറഞ്ഞാല്‍ സംവിധായകനെ പറഞ്ഞുവിടാന്‍ അയാള്‍ പറയും. എന്തുചെയ്യും? സത്യം പറയുന്നതാണ് കല എന്ന കലാശാസ്ത്രത്തിന് അവര്‍ക്കിടയില്‍ യാതൊരു വിലയുമില്ല. എന്നാല്‍, ഞാന്‍ പറഞ്ഞ കലാമാനദണ്ഡങ്ങളെല്ലാം എംസി കട്ടപ്പന എന്ന വലിയ നടന് അംഗീകരിച്ചുതന്നു. അങ്ങനെ ആദ്യ രംഗംതന്നെ കൈയില്‍ ഒരു കീറക്കരിമ്പടപ്പുതപ്പുമായി എംസി കട്ടപ്പന എന്ന നടന് അരങ്ങിന്റെ മുന്നില്‍ വന്ന് കൈകൂപ്പിപ്പറഞ്ഞു: ”അതുല്യ നടന് സത്യന് അനശ്വരനാക്കിയ കഥാപാത്രം പപ്പു. ആ പപ്പുവിനെ ഞാന്‍ ഇവിടെ അവതരിപ്പിക്കുകയാണ്. അനുഗ്രഹിക്കണം.”
അതുകഴിഞ്ഞ് കരിമ്പടം പുതച്ച്, കൈവിരല്‍ മുതല്‍ ഓരോ അംഗവും ഒടിച്ച് തളര്‍ത്തിത്തുടങ്ങി… ശരീരം വിറച്ചുതുടങ്ങി… വാര്‍ദ്ധക്യത്തിലേക്കുള്ള പരകായ പ്രവേശം! നിന്നനില്‍പ്പില്‍ എംസി കട്ടപ്പന വൃദ്ധനായ പപ്പുവായി മാറുന്നതുകണ്ട് ജനം കൈയടിച്ചാര്ത്തുവിളിച്ചു. കല്യാണ സൗഗന്ധികം കഥകളിയില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്റെ ഹനുമാന് വൃദ്ധനായിമാറുന്ന നാട്യസങ്കേതം അപ്പടി, വലിയ വീഴ്ചയില്ലാതെ, സാമാന്യയുക്തിക്കുനിരക്കുന്ന തരത്തില്‍ എംസി കട്ടപ്പന ചെയ്തു. നിമിഷങ്ങള്‍കൊണ്ട് വൃദ്ധനായി കാറിച്ചുമച്ച് തുപ്പി അരങ്ങിലിരുന്ന റിക്ഷ എടുത്ത് വലിച്ച് കിതച്ചുകൊണ്ടോടി. എംസി അന്ന് അതിന് തയാറായിരുന്നില്ലെങ്കില്‍ ഓടയില്‍നിന്ന് ഒരിക്കലും അരങ്ങുകാണില്ലായിരുന്നു. പിന്നീടങ്ങോട്ട് എംസിയുടെ പപ്പുവിന്റെ ജൈത്രയാത്രയായിരുന്നു. അഭിനയത്തിന്റെ എല്ലാതലങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ഗ്ഗ പ്രതിഭതന്നെയായിരുന്നു എംസി കട്ടപ്പന. കഴിവുറ്റ ആ നടന് ആദരാഞ്ജലികള്‍.
(തപസ്യ രംഗകലാ വിഭാഗം വൈസ് ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: