ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ലഖ്നൗ, റായ്ബറേലി, അമേഠി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14, മഹാരാഷ്ട്രയിലെ 13, ബംഗാളിലെ ഏഴ്, ബിഹാറിലെ അഞ്ച്, ഒഡീഷയിലെ അഞ്ച്, ഝാര്‍ഖണ്ഡിലെ മൂന്ന്, ജമ്മുകശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെ ഒന്നുവീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പു നടക്കുന്ന 49ല്‍ 32 മണ്ഡലങ്ങളിലും ബിജെപിയാണ് 2019ല്‍ വിജയിച്ചത്. ഇതില്‍ 12 മണ്ഡലങ്ങള്‍ ബിജെപി ഹാട്രിക് വിജയം നേടിയതാണ്. റായ്ബറേലിയില്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്. ശിവസേന, എല്‍ജെപി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എന്നിവ മറ്റു സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 17 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്.
ഏറ്റവും കുറവ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ 695 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്നാഥ് സിങ് (ലഖ്നൗ), കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍ (മുംബൈ നോര്‍ത്ത്), സ്മൃതി ഇറാനി (അമേഠി), മുന്‍ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി (സാരന്‍), ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ് (റായ്ബറേലി), ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ മകന് കരണ്‍ ഭൂഷണ് സിങ് (കൈസര്‍ഗഞ്ച്), എല്‍ജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രി രാംവില്വാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന് (ഹാജിപൂര്‍) എന്നിവര്‍ ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖരാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ (റായ്ബറേലി), ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യ (സാരന്‍), നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള (ബാരാമുള്ള) എന്നിവരാണ് ഇത്തവണ മത്സരിക്കുന്നവരില്‍ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: