മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് സുധീർ കുമാർ എന്ന പേര് മാറി മണിയൻപിള്ള രാജുവെന്ന് നടൻ അറിയപ്പെടാൻ തുടങ്ങിയത്. രാജു എന്ന് വിളിക്കാമെങ്കിലും മണിയൻപിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയിൽ ഒട്ടേറെ അനുഭവസമ്പത്തുള്ള നടൻ കൂടിയാണ് അദ്ദേഹം. നടൻ മാത്രമല്ല ഇന്ന് നിർമാതാവ് കൂടിയാണ് മണിയൻപിള്ള രാജു. സിനിമയിൽ ഒരുപാട് സൗഹൃദങ്ങളുള്ള മണിയൻപിള്ള രാജുവിന്റെ ഉറ്റ സുഹൃത്താണ് നടൻ മോഹൻലാൽ. കുട്ടിക്കാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിനെ നാടകം പഠിപ്പിച്ച് മേക്കപ്പിട്ട് കൊടുത്ത് തട്ടേൽ കയറ്റിയ കഥ പലപ്പോഴായി മണിയൻപിള്ള രാജു പങ്കിട്ടിട്ടുണ്ട്. ഇന്നും ആ സൗഹൃദത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിന് സിനിമയോടുള്ള അർപ്പണബോധം എത്രത്തോളമാണെന്ന് പറയുകയാണ് മണിയൻപിള്ള രാജു.
കഴിഞ്ഞ ദിവസം സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നടന്റെ വാക്കുകളിലേക്ക്. ‘മൂന്ന് ദിവസം മുമ്പ് ഞാൻ മോഹൻലാലിനൊപ്പം കാരവാനിൽ ഇരിക്കുമ്പോൾ ആരോ കയറി വന്നു. അപ്പോൾ അവരോട് എന്നെ ചൂണ്ടി കാട്ടി ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ..? എന്റെ ആദ്യത്തെ ഡയറക്ടറാണെന്ന് ലാൽ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി
അതുപോലെ ഒരിക്കൽ ഒരു അഭിമുഖത്തിൽ ലാൽ പറഞ്ഞു.രാജു ചേട്ടന്റെ കൈപുണ്യമാണെന്ന്. ഞാനാണ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലാലിന് ആദ്യമായി മേക്കപ്പിട്ടത്. അതുപോലെ ആ നാടകത്തിൽ ഏഴോളം പേർ അഭിനയിച്ചു. ലാൽ ഒഴികെ ബാക്കിയുള്ള ആറുപേരും ഒരു റേഡിയോ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല. ലാലിന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു നിമിത്തമാണ്.’
അടുത്തിടെ ലാലിന്റെ പുതിയ ഫ്ലാറ്റ് കാണാൻ ഞാൻ പോയിരുന്നു. കണ്ടപാടെ ഉഗ്രൻ വീട് നന്നായിരിക്കുന്നുവെന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഇതൊക്കെ നമുക്ക് കിട്ടുന്നൊരു ഭാഗ്യമല്ലേ… അല്ലാതെന്താ. എന്നതായിരുന്നു അപ്പോൾ ലാൽ അതിന് പറഞ്ഞ മറുപടി. പുള്ളി വളരെ സിംപിളായാണ് എല്ലാ കാര്യങ്ങളും പറയുന്നത്. മലയാളത്തിലെ എല്ലാ താരങ്ങളും കഠിനാധ്വാനം ചെയ്യുമെങ്കിലും മോഹൻലാലിന്റെ റേഞ്ച് വേറെയാണ്.’
‘മരിച്ച് ജോലി ചെയ്യും. എത്ര രാത്രിയിലും എവിടെയും യാത്ര ചെയ്ത് ചെന്ന് ജോലി ചെയ്യാൻ തയ്യാറാണ്. കൊവിഡ് സമയത്ത് ചെന്നൈയിലായിരുന്നു ലാൽ. അവിടെ നിന്ന് എന്നെ വിളിക്കും. കരിയർ തുടങ്ങി ആദ്യമായാണ് ലാൽ കുറേനാൾ ചുമ്മാതിരിക്കുന്നത്. എന്താ ചെയ്യുകാ. എത്ര ദിവസമായി വെറുതെ ഇരിക്കുന്നു. ഞാൻ ഇവിടെ വെറും കുക്കിങ് മാത്രമാണ്.’
എത്രനേരമെന്ന് പറഞ്ഞാണ് സിനിമകൾ കാണുന്നത്. ഇനി എന്നാ ഈ അസുഖം മാറുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. പുള്ളിക്ക് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല. ഇവർക്കൊക്കെ രാത്രി പന്ത്രണ്ട് മണിക്ക് വർക്ക് തീർത്ത് രാവിലെ ആറ് മണിക്ക് വീണ്ടും ഷൂട്ട് തുടങ്ങുന്നതാണ് ഇഷ്ടം. അധിപനിലെ ഫൈറ്റ് സീനിന്റെ ഷൂട്ട് സമയത്ത് മോഹൻലാലിന് കടുത്ത തൊണ്ടവേദനയും ചെവി വേദനയുമായിരുന്നു.’
‘അങ്ങനെ ഞങ്ങൾ ലാലിനെ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചു. മൂന്ന് ദിവസം റെസ്റ്റ് എടുക്കാനും ഗാർഗിൽ ചെയ്യാനും അനങ്ങാതെ കിടക്കാനുമാണ് ഡോക്ടർ നിർദേശിച്ചത്. ഞാൻ ഇക്കാര്യം നിർമാതാവിനോട് പറയാൻ തുടങ്ങിയപ്പോൾ ലാൽ അനുവദിച്ചില്ല. നിർമാതാവിന് നഷ്ടവരുമെന്ന് പറഞ്ഞ് അപ്പോൾ തന്നെ ഉടുപ്പിട്ട് റെഡിയായി ഇറങ്ങി
രാത്രി രണ്ട് മണിവരെയൊക്കെയായിരുന്നു ഫൈറ്റ്. ഒരോ ഫൈറ്റ് കഴിഞ്ഞ് വന്ന് വേദന സഹിക്കാൻ കഴിയാതെ ലാൽ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് കുറച്ച് ചൂടുവെള്ളമൊക്കെ പിടിച്ച് റെഡിയാക്കി വീണ്ടും ഷോട്ടിന് റെഡിയായി ഇറങ്ങും. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത വേദനയായിരുന്നു
‘പക്ഷെ ലാൽ ഫൈറ്റ് തീർത്തു’, എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്. വീഡിയോ വൈറലായതോടെ മോഹൻലാൽ ഫാൻസ് കമന്റുകളുമായി എത്തി. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും മോഹൻലാൽ എന്ന നടനെ ചിലർ എന്തിനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് എന്നറിയില്ലെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: