ടെഹ്റാന്: ഭാരത മഹാസമുദ്രത്തിലെ ഇറാന്റെ ഒരേയൊരു തുറമുഖമാണ് ഛബഹാര്‍. ഒമാന്‍ ഉള്‍ക്കടലിലെ മക്രാന്‍ തീരത്താണിത്. ഹോര്‍മൂസ് കടലിടുക്കിന്റെ തൊട്ടരികെ. ഉസ്ബക്കിസ്ഥാന്, അഫ്ഗാന്, തുര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്ര കവാടവും ഇതുതന്നെ. പാകിസ്ഥാനിലെ കറാച്ചിയിലേക്ക് ഇവിടെ നിന്ന് 845 കി.മീ.
ഭാരത്-ഇറാന് ബന്ധത്തില്‍ സുപ്രധാന നാഴികക്കല്ലായി ഛബഹാര്‍ കരാര്‍. ഇറാനിലെ ഛബഹാര്‍ തുറമുഖ പ്രവര്‍ത്തനം സംബന്ധിച്ച് ഇരുരാജ്യങ്ങളും ഇന്നലെ ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു.
കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഇറാന് റോഡ്-നഗര വികസന മന്ത്രി മെഹ്റ്ദാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഷാഹിദ് ബെസ്ദി തുറമുഖ ടെര്‍മിനല്‍ പ്രവര്‍ത്തനം സംബന്ധിച്ച് ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) പോര്‍ട്ട്സ് ആന്‍ഡ് മാരിടൈം ഓര്ഗനൈസേഷന് ഓഫ് ഇറാനും (പിഎംഒ) കരാറില്‍ ഒപ്പുവച്ചത്. അടുത്ത 10 വര്‍ഷം ഭാരതത്തിന്റെ നിയന്ത്രണത്തിലാകും ഛബഹാര്‍ തുറമുഖം. ചരിത്രത്തില്‍ ആദ്യമാണ് വിദേശ തുറമുഖ നടത്തിപ്പ് ഭാരതം ഏറ്റെടുക്കുന്നത്.
120 മില്യണ്‍ ഡോളറാണ് ഐപിജിഎല്‍ ഇവിടെ നിക്ഷേപിക്കുക. 250 മില്യണ്‍ ഡോളര്‍ അടിസ്ഥാന വികസനത്തിനു ചെലവഴിക്കും. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കുനീക്കം സുഗമമാക്കാനുള്ള ഭാരത്-ഇറാന് ഫ്ലാഗ്ഷിപ്പ് പ്രോജക്ടാണ് ഛബഹാര്‍.
ഛബഹാര്‍ തുറമുഖ പ്രവര്‍ത്തനം ഭാരതം ഏറ്റെടുക്കുന്നത് ചൈനയ്ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയാകും. ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും (സിപിഐസി), അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെയും നേരിടാന്‍ ഛബഹാര്‍ വഴി ഭാരതത്തിനാകും. പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖ വികസനം ചൈന ഏറ്റെടുത്തത് അറബിക്കടലില്‍ സാന്നിധ്യം ശക്തമാക്കാനായിരുന്നു. ഭാരതത്തിനു വലിയ ഭീഷണിയായിരുന്നു ഇത്. ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും അറബിക്കടലില്‍ ചൈനയുടെ സാന്നിധ്യത്തെയും നേരിടാന്‍ ഛബഹാറിലൂടെ ഭാരതത്തിനു സാധിക്കും. ഛബഹാറില്‍ നിന്ന് 72 കി.മീ. അകലെയാണ് ഗ്വാദര്‍ തുറമുഖം.
ഛബഹാര്‍ തുറമുഖത്തു വന്നിക്ഷേപത്തിനുള്ള പാതയാണ് തുറക്കപ്പെടുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇറാന്റെ തെക്കുകിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന്, ഇറാന്-പാകിസ്ഥാന് അതിര്‍ത്തിയിലാണ് ഛബഹാര്‍. ഇതിന്റെ ഒരുഭാഗം ഇറാന്, അഫ്ഗാനിസ്ഥാന്, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ചരക്കുഗതാഗത മാര്‍ഗമായാണ് ഭാരതം വികസിപ്പിക്കുക.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെത്താനുള്ള വടക്കുതെക്ക് അന്താരാഷ്ട്ര ഇടനാഴിയുടെ കീഴില്‍ ഛബഹാറിനെ ട്രാന്‍സിറ്റ് ഹബ്ബാക്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. ഛബഹാര്‍ ഈ മേഖലയുടെ വാണിജ്യ ഗതാഗത കേന്ദ്രമാകും. ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാരതത്തിന്റെ സാധ്യതകള്‍ തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: