കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ പൈശാചികമായി മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലെ പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ച് സിദ്ധാര്‍ത്ഥന്റെ അമ്മ എം. ആര്. ഷീബ, അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.
വൈത്തിരി പോലീസ് എടുത്ത കേസിലാണ് ജാമ്യഹര്‍ജികള്‍. രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്ത്ഥന്. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം അവര്‍ നടത്തിവരുന്നതേയുള്ളു.
ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് അവര്‍ അന്വേഷണത്തില്‍ ഇടപെടാനും സാക്ഷികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഷീബയുടെ വാദം.
കൊടും ക്രൂരതക്ക് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ അമ്മയായ തന്നെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും തന്റെ ഭാഗം കോടതി കേള്‍ക്കണമെന്നും കേള്‍ക്കാതെ ജാമ്യം അനുവദിക്കരുതെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു. സിബിഐ അന്വേഷണത്തില്‍ ആള്‍ക്കൂട്ടക്കൊലയാണെന്ന് തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ലഭിക്കുമെന്നും ഷീബ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഭയമുള്ളതിനാലാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനു മുന്പില് സത്യം വെളിപ്പെടുത്താത്തത്. അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: