കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് എഫ്ഐആർ. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസിൽ ഉടൻതന്നെ ഹരിഹരനെ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഏറ്റവുമൊടുവിൽ ആർഎംപി നേതാവ് ഹരിഹരന്റെ ഒലിപ്രംകടവിലുളള വീടിന് നേരെയുളള അക്രമത്തിൽ രണ്ട് സംഭവങ്ങളിൽ 6 പേർക്കെതിരെയാണ് കേസ്. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെങ്കിലും ആളുകളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് എഫ്ഐആർ. വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒരു സിപിഎം പ്രവർത്തകനെതിരെയാണ് സ്ഫോടകവസ്തു നിയമം 3,5 വകുപ്പുകൾ ചുമത്തി കേസ്.
കാറിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് 5 പ്രവർത്തകർക്കെതിരെ കേസുണ്ട്. കാറിന്റെ ആർ സി ഉടമയെയിൽ നിന്ന് പ്രതികളെകുറിച്ചുളള വിവര ശേഖരണം പൊലീസ് തുടങ്ങി. KL 18N 7009 എന്ന നമ്പരിലുളള ചുവന്നകാറിലാണ് ഇവരെത്തിയതെന്ന് ഹരിഹരൻ മൊഴി നൽകിയിരുന്നു. വീടിന് മുന്നിൽ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്ക്വാഡ് നിഗമനം.
പരിശോധിച്ച സിസിടിവി ദൃശ്യങ്ങളും വ്യക്തമല്ല. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുളള ആക്രമണത്തിന് പുറകിൽ സിപിഎം ആണെന്നും ഹരിഹരൻ ആരോപിച്ചിരുന്നു. കാരണം പ്രസംഗത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതാവ് മോഹനന്മാസ്റ്റര്ക്കും മകനും എതിരെ കനത്ത ആരോപണം ഉയര്‍ത്തിയിരുന്നു.
ഹരിഹരനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിൽ കേസെടുത്ത വടകര പൊലീസ് നടപടികൾക്ക് തുടക്കമിട്ടു. ഹരിഹരന്റെ പ്രസംഗം, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുകയാണ് ആദ്യപടി. ഇതിന് ശേഷമാകും ഹരിഹരനിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കുക. സ്ത്രീത്വത്തെ അപമാനിച്ചു, സ്പർദ്ധ വളർത്താൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹരിഹരൻ മാപ്പുപറഞ്ഞിട്ടും സിപിഎം രാഷ്ട്രീയ വേട്ടയാൽ തുടരുന്നുവെന്നാണ് ആർഎംപിയുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് ആക്രമണം. ഹരിഹരന്റെ വീടിന് നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.
കണ്ണൂർ മോഡൽ ഇടപെടലാണ് ഹരിഹരന് നേരെ നടന്നതെന്നാണ് ആര്‍എംപി വിലയിരുത്തല്‍. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്മാസ്റ്റര് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആർഎംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആർഎംപി കുറ്റപ്പെടുത്തി.
ഹരിഹരന് സിപിഎം ജില്ലാസെക്രട്ടറിയുടെ മകനെതിരെ നടത്തിയത് മുഖം നോക്കാതെയുള്ള വിമര്‍ശനം
ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ സ്ഫോടനാത്മകമായ പ്രസംഗം വൈറലാവുകയാണ്. വടകരയില്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് നടത്തിയ പരിപാടിയിലായിരുന്നു കെ.എസ്. ഹരിഹരന്റെ വിവാദമായ പ്രസംഗം നടന്നത്. അതിലെ ഒരു നടിയെക്കുറിച്ചുള്ള വിവാദം മാറ്റിവെച്ചാലും പ്രസംഗത്തില്‍ കോഴിക്കോട് ജില്ലാ നേതാവിന്റെ മകനെതിരെ നടത്തിയ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതിലൊന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് സിപിഎം നേതാവ് പി. മോഹനന്റെ മകന് നികിതാസ് ജൂലിയസാണോ എന്ന ചോദ്യമാണ്. ” പി.മോഹനന്റെയും ലതികയുടെയും മകന് നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ സൈബര്‍ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രധാന ആള്. ഇന്ദുമേനോന് എന്ന എഴുത്തുകാരി പറയുന്നത് പ്രകാരമാണെങ്കില്‍ അവനാണല്ലോ ബിജെപിയുടെ ശ്രീധരന്‍പിള്ള എന്ന ഗവര്‍ണര്‍ക്ക് നേരെ കാറോടിച്ച് കയറ്റി അയാളെ കൊല്ലാന്‍ നോക്കിയത്. ഇതൊക്കെ സൈബര്‍ ലോകത്ത് വന്നതാണല്ലോ?”- ഇതും കെ.എസ്. ഹരിഹരന്റെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗമാണ്.
“ശ്രീധരന്‍പിള്ള എന്ന ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് അയാളെ കൊല്ലാന്‍ ശ്രമിച്ചിട്ടും ശ്രീധരന്‍പിള്ള പറഞ്ഞത് പയ്യനല്ലേ വിട്ടേക്കൂ എന്നാണ്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലന് ഷുഹൈബിനെ യുഎപിഎ ചുമത്തി പി. മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ഗോവ ഗവര്‍ണറെ കൊല്ലാന്‍ ശ്രമിച്ചതിന് കേസില്ല. “- കെ.എസ്. ഹരിഹരന്റെ മറ്റൊരു ആരോപണം ഇതാണ്. എന്തായാലും കെ.എസ്. ഹരിഹരന്റെ ഈ പ്രകോപനപ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: