തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രന് നായര്‍ക്കെതിരെ ഏരിയ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചു.
പ്രാഥമിക അംഗത്വം മാത്രം നിലനിര്‍ത്തി ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താനും പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനുമാണ് തീരുമാനിച്ചത്.
കൈതമുക്കില്വച്ച് കൊല്ലപ്പെട്ട വഞ്ചിയൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായിരുന്ന വിഷ്ണുവിന്റെ കേസ് നടത്താനും കുടുംബത്തിനു നല്‍കാനും ശേഖരിച്ച രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തിരിമറി നടത്തിയെന്ന് പാര്‍ട്ടി അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അന്ന് ലോക്കല്‍ സെക്രട്ടറിയായിരുന്ന രവീന്ദ്രന് നായരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. 11 ലക്ഷം രൂപ കുടുംബത്തിന് നല്‍കിയിരുന്നു. നിയമസഹായത്തിനായി സൂക്ഷിച്ച ബാക്കി തുകയില്‍ അഞ്ചു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. 2008ല്‍ കൈതമുക്കിലെ പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് ജില്ലാ കോടതി വിധിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കുകയും സുപ്രീംകോടതി അതു ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചില ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
വിവാഹേതരബന്ധം സംബന്ധിച്ച് കോര്പറേഷന് മുന്‍ കൗണ്‍സിലര്‍ കൂടിയായ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: