കോട്ടയം: വണ്‍വേ തെറ്റിച്ചുള്ള ആംബുലന്‍സുകളുടെ പാച്ചില്‍ നിയന്ത്രിക്കണമെന്ന ആവശ്യമുയരുന്നു. ഒരാളുടെ ജീവന് രക്ഷിക്കാന്‍ മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന സംവിധാനത്തിനെതിരെയാണ് പ്രതിഷേധം.കഴിഞ്ഞദിവസം മഞ്ചേശ്വരത്ത് ദേശീയപാതത്തില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് തൃശ്ശൂര്‍ സ്വദേശിയും രണ്ടു മക്കളും മരിച്ച സംഭവമാണ് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യത്തിലേക്കെത്തിച്ചത്. ഒരു സ്ത്രീയെ ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് ദിശ മാറിയെത്തി കാറില്‍ ഇടിക്കുകയായിരുന്നു. സൈറണ്‍ മുഴക്കും വാണിംഗ് ലൈറ്റിട്ടുമാണ് ആംബുലന്‍സുകള്‍ വരുന്നതെങ്കിലും പൊടുന്നനെ ഇതിനുമുന്നില്‍ പെടുന്നവര്‍ക്ക് തങ്ങളുടെ വാഹനം എവിടേക്കൊതുക്കും എന്നത് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഡ്രൈവിംഗില്‍ അത്ര വിദഗ്്ധരല്ലാത്തവര് അന്ധാളിച്ചു പോകുന്ന സാഹചര്യമാണിത്. വിചാരിക്കുന്ന വേഗത്തില്‍ തങ്ങളുടെ വാഹനം നിയന്ത്രിക്കാന്‍ എല്ലാവര്ക്കും കഴിയണമെന്നില്ല. ഏതു ദിശയിലൂടെയാണ് ആംബുലന്‍സുകള്‍ വരുന്നതെന്ന് പൊടുന്നനെ മനസിലാക്കാന്‍ കഴിയാത്ത വിധമാണ് സൈറണുകളുടെ ശബ്ദ സംവിധാനം. പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ എന്നു പോലും പലപ്പൊഴും റോഡിലെ തിരക്കില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. നേര്‍വഴിക്കുന്ന വാഹനം ഓടിക്കുന്നവരുടെ മുന്നില്‍ വണ്‍വേ തെറ്റിച്ച് ആംബുലന്‍സുകള്‍ എത്തുന്നത് അങ്ങിനെ വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. സിഗ്നലുകള്‍ ലംഘിച്ച് ആംബുലന്‍സുകള്‍ വരുമ്പോഴും സമാനമായ സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ആംബുലന്‍സുകളും വണ്‍വേ അടക്കമുള്ള ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ ആംബുലന്‍സുകള്‍ക്കു വേണ്ടി സിഗ്നല്‍ ഓണ്‍ ചെയ്തു കൊടുക്കുകയോ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വാഹനം നിയന്ത്രിച്ചു കടത്തിവിടുകയോ വേണം. അല്ലാത്തപക്ഷം നിരപരാധികള്‍ക്ക് ജീവന് നഷ്ടപ്പെടുന്ന മഞ്ചേശ്വരത്തേതിന് സമാനമായ അതിദാരുണ സംഭവങ്ങള്‍ ആവര്ത്തിക്കാനിടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: