ഭാരതത്തിന്റെ ദേശീയ കലണ്ടര്‍ ആയ ശകവര്‍ഷം തുടങ്ങുന്നത് ചൈത്രമാസത്തിലാണ്. ചിത്തിര നക്ഷത്രത്തില്‍ പൗര്‍ണമി വരുന്ന മാസമാണ് ചൈത്രം. രണ്ടാമതായി വരുന്ന മാസമാണ് വൈശാഖം.കേരളീയപക്ഷത്തിലും ഗുരുവായൂര്‍ പോലുള്ള മഹാക്ഷേത്രങ്ങളിലും വൈശാഖ മാസാചരണത്തിന് ഇന്നാണ് തുടക്കമാകുന്നത്. എന്നാല്‍ ഉത്തരേന്ത്യയില്‍ വൈശാഖം 18 ദിവസം മുന്‍പേ ആരംഭിച്ചതാണ്. ശകവര്‍ഷ കലണ്ടറിലും പഞ്ചാംഗങ്ങളില്‍ പൊതുവിലും ഇന്ന് വൈശാഖം 19 ആണ് തീയതി. ചില വര്‍ഷങ്ങളില്‍ കേരളത്തിലും ഉത്തരേന്ത്യയിലും ശ്രീകൃഷ്ണ ജയന്തിയില്‍ പോലും ഇങ്ങനെ വ്യത്യാസം വരാറുണ്ട്. എന്താണ് ഇതിനു കാരണമെന്നത് പലര്‍ക്കും അത്ര അറിവും ഇല്ല.
സൗര കലണ്ടറല്ല, ചാന്ദ്രമാസ കലണ്ടറാണ് ചൈത്രം, വൈശാഖം തുടങ്ങിയ മാസങ്ങള്‍ വരുന്ന ശകവര്‍ഷം എന്നതാണ് ഇതിന്റെ പ്രഥമവും പ്രധാനവുമായ കാരണം. ഈ ശകവര്‍ഷ മാസങ്ങളെല്ലാം തിഥിയും നക്ഷത്രവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. ചിത്തിര നക്ഷത്രത്തില്‍ തുടങ്ങുന്ന മാസം ചൈത്രം, വിശാഖം നക്ഷത്രത്തില്‍ തുടങ്ങുന്നത് വൈശാഖം, തൃക്കേട്ടയില്‍ തുടങ്ങുന്നത് ജ്യേഷ്ഠം അങ്ങനെ.
മുന്നൂറ്റിയറുപത്തിയഞ്ചേകാല്‍ ദിവസം വരുന്ന സൗരകലണ്ടര്‍ പോലെയല്ല ശകവര്‍ഷ(ചാന്ദ്ര) കലണ്ടര്‍. അതില്‍ പൗര്‍ണമി(വെളുത്ത വാവ്) മുതല്‍ പൗര്‍ണമി വരെയോ, അമാവാസി(കറുത്ത വാവ്) മുതല്‍ അമാവാസി വരെയോ രണ്ടു വ്യത്യസ്ത രീതികളില്‍ മാസ നിര്‍ണയം നിലവിലുണ്ട്.
അമാവാസിയില്‍ മാസാവസാനം വരുന്നത്(ശുക്ലപക്ഷ പ്രഥമയില്‍ പുതിയ മാസം തുടങ്ങുന്നത്) അമാന്ത(അമാവാസി അന്ത്യം) എന്ന് അറിയപ്പെടുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാള്‍, ആസ്സാം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാസനിര്‍ണയത്തിന് അമാന്ത സമ്പ്രദായമാണ് പ്രചാരത്തിലുള്ളത്.
പൗര്ണമിയില് മാസാവസാനവും കൃഷ്ണപക്ഷ പ്രഥമയില്‍ പുതിയ മാസാരംഭവും വരുന്ന രീതി പൂര്‍ണിമാന്ത എന്ന് അറിയപ്പെടുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഒറീസ, ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളിലെല്ലാം മാസ നിര്‍ണയത്തിന് പൂര്‍ണിമാന്ത രീതിയാണ് പിന്തുടരുന്നത്.
കന്യാകുമാരി മുതല്‍ കാശ്മീരം വരെ അക്ഷാംശരേഖാംശങ്ങളിലെ മാറ്റംകൊണ്ട് ചാന്ദ്രദര്ശനത്തില്(അമാവാസിക്കും പൗര്‍ണമിക്കും ഉള്‍പ്പെടെ) വ്യത്യാസമുണ്ടെന്നതിനാല്‍ പലപ്പോഴും ചാന്ദ്രമാസങ്ങളുടെ ആരംഭാവസാനങ്ങളില് 18 ദിവസത്തെ വരെ വ്യത്യാസം ഈ രണ്ടു സമ്പ്രദായങ്ങളും തമ്മില്‍ ഉണ്ടാവാം. ഭാരതത്തിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം ഇന്ന് വൈശാഖം 19 ആയിരിക്കേ ഗുരുവായൂര്‍ പോലുള്ള മഹാക്ഷേത്രങ്ങളില്‍ ഇന്ന് വൈശാഖ ആചരണം തുടങ്ങാന്‍ ഉള്ള കാരണം മാസ ഗണനയിലുള്ള ഈ വ്യത്യാസമാണ്.
മാധവമാസം
മാധവന്(മഹാവിഷ്ണുവിന്) പ്രിയപ്പെട്ട മാസമാകയാല്‍ വൈശാഖം മാധവമാസം എന്നു പ്രകീര്‍ത്തിക്കപ്പെടുന്നു. മഹാവിഷ്ണു പത്നിയായ മഹാലക്ഷ്മിക്കൊപ്പം വൈകുണ്ഡം വിട്ട് ഭൂമിയില്‍ പാര്‍ക്കുന്ന കാലമാണ് വൈശാഖം എന്നാണ് വിശ്വാസം. അതിനാല്‍ ഇതര മാസങ്ങളേക്കാള്‍ വൈശാഖം ശ്രേഷ്ഠതരവും അതീവ പുണ്യപ്രദവുമായി കരുതപ്പെടുന്നു. ഭഗവദ് സാന്നിധ്യം ഭൂമിയില്‍ ഉള്ളകാലമായതിനാല് ഈ മാസം ഈശ്വരാരാധനയ്ക്ക് അതിവിശിഷ്ടമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെയും ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലേയും വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പ്രാധാന്യത്തോടെ വൈശാഖ മാസാചരണം നടത്തുന്നുണ്ട്. വൈശാഖ മാഹാത്മ്യത്തെപ്പറ്റിയും വ്രതചര്യയെപ്പറ്റിയും മഹാഭാരതം അനുശാസപര്‍വ്വം 106-ാം അധ്യായത്തിലും പരാമര്‍ശങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: