എല്ലാവരുടെയും കാഴ്ചയില്‍ തെളിയുന്നതല്ല യഥാര്‍ത്ഥ കാഴ്ചയെന്ന് പഠിപ്പിച്ച അച്ഛന്റെ മകനാണ് സംഗീത്. കാഴ്ചയില്‍ സംഗീതം നിറച്ചവന്. പരിചിതമല്ലാത്ത കാഴ്ചകളെ പതിവുരീതികള്‍ വിട്ട് അവതരിപ്പിച്ചപ്പോള്‍ മലയാളം സംഗീതിനെ കൗതുകത്തോടെ നോക്കി. മലയാളത്തിന്റെ സൗന്ദര്യത്തെയും നേപ്പാളിന്റെ വനസൗമ്യതയെയും കൂട്ടിയിണക്കി, ചിരിയും കൗതുകവും സമാസമം ചേര്‍ത്ത് സംഗീത് വിരിയിച്ച യോദ്ധയിലുണ്ട് അക്കാലമത്രയും പഠിച്ച വിരുതുകളും അച്ഛന് പകര്‍ന്ന കാഴ്ചകളും.
വിഖ്യാത സംഗീതസംവിധായകന് എ.ആര്. റഹ്മാനെ മലയാളത്തിലേക്ക് കൊണ്ടുവന്നത് സംഗീത് ശിവനാണ്. കുനുകുനെ ചെറുകുറുനിരകള്‍, മാമ്പൂവേ മഞ്ഞുതിരുമ്പോള്‍, പടകാളിച്ചണ്ഡിച്ചങ്കരി പോര്‍ക്കലി ഭഗവതി…. കേരളം പാടുകയും ആടുകയും ചെയ്ത പാട്ടുകള്‍… പുതുമയുടെ ശീലുകള്‍ തേടിയുള്ള യാത്രയിലാണ് റഹ്മാനെ കാണുന്നതെന്ന് സംഗീത് ശിവന് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കാവിലെ പാട്ടുമത്സരത്തിന് പാട്ടൊരുക്കുന്നതിന് റഹ്മാനെ നാടോടിപ്പാട്ടുകളത്രയും കേള്‍പ്പിച്ച അനുഭവവും അതില്‍ പങ്കുവച്ചു. ആ നാടന്‍ ശീലുകളില്‍ നിന്നാണ് പടകാളിച്ചണ്ഡിച്ചങ്കരി അധരങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പകര്ന്നേറിയത്.
കല ആര്‍ജിച്ചതല്ല, ജന്മംകൊണ്ട് സിദ്ധമായതാണെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത ശിവന്റെ മകന്, ഛായാഗ്രഹണത്തിലും സിനിമയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച സഹോദരങ്ങള്‍ സന്തോഷ് ശിവനും, സഞ്ജീവും…. സംഗീതിന്റെ വഴി വേറെയാവാന്‍ തരമില്ലായിരുന്നു. സിനിമയില്‍ സംഗീത് ശിവന് പരീക്ഷിച്ചതത്രയും വ്യത്യസ്തമായ വഴികളായിരുന്നു. കണ്ടുപരിചയത്തില്‍ നിന്ന് വേറിട്ട ഒരു ശൈലി. നിരൂപകര്‍ പലരും അതിനെ പരീക്ഷണച്ചിത്രങ്ങള് എന്ന് വിളിച്ചു.
വ്യൂഹമായിരുന്നു തുടക്കം. രഘുവരനും സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായ ക്രൈം സ്റ്റോറി. തീയറ്ററില്‍ ആളു കൂടിയില്ലെങ്കിലും പടം ചര്‍ച്ച ചെയ്യപ്പെട്ടു. നവാഗതന്റെ പകപ്പല്ല, പരിചയസമ്പന്നന്റെ പക്വത ആദ്യപടത്തില്‍ തന്നെ അനുഭവിക്കാനാവുന്നതെന്ന് പലരും നിരീക്ഷിച്ചു. പിന്നെയും കുറേ മലയാളം പടങ്ങള്‍… ഡാഡി, ഗാന്ധര്‍വം, ജോണി…. സണ്ണി ഡിയോളിനെ നായകനാക്കി സോറിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. അവിടെയും എട്ടോളം ചിത്രങ്ങള്‍… പിന്നെ ഡോക്യുമെന്ററികള്‍… തിരക്കുള്ളതായിരുന്നു സംഗീതിന്റെ ജീവിതം.
കാവും കുളവുമുള്ള ഒരു തനി നാട്ടിന്‍പുറത്തുനിന്ന് ലാമയുടെ നാട്ടിലേക്കാണ് യോദ്ധയിലൂടെ കാണികളെ സംഗീത് ശിവന് കൊണ്ടുപോയത്. തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും നേപ്പാളിലെ കുട്ടിമാമയും റിംബോച്ചെ എന്ന കൊച്ചുലാമയും മഹാഭാരതം ഫെയിം പുനീത് ഇസര്‍ അവതരിപ്പിച്ച ദുര്മാന്ത്രികനുമൊക്കെ മലയാളമുള്ളകാലം വരെയും അനശ്വര കഥാപാത്രങ്ങളായി നിലനില്‍ക്കുന്നത് സംവിധായകപ്രതിഭയുടെ മിഴിവുകൊണ്ടാണ്. യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം സംഗീതിന്റെ സ്വപ്നമായിരുന്നു. 1992ല്‍ പടം സൂപ്പര്‍താരനിരയെ വച്ച് ചെയ്യുമ്പോള്‍ വേണ്ടത്ര തിയറ്റര്‍ കളക്ഷന്‍ കിട്ടാതെ പോയതിന്റെ സങ്കടം രണ്ടാംവരവില്‍ തീര്ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. സംഗീത് അപ്രതീക്ഷിതമായി പൊഴിയുമ്പോള്‍ ആ സ്വപ്നവും ബാക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: