കൊല്ലം: കേരളത്തിലെ ഉത്സവ ആഘോഷങ്ങള്‍ ആചാരപരമായി നടത്തിക്കൊണ്ടുപോകുന്നതിന് കൂടുതല്‍ ആനകള്‍ കേരളത്തിലേക്ക് വരണമെന്ന് കേരളാ എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
ഇപ്പോള്‍ കേരളത്തിലുള്ള നാട്ടാനകള്‍ അപര്യാപ്തമാണ്. ആനകളെ കൈമാറ്റം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും അതിനാവശ്യമായ ചട്ടവും നടപ്പില്‍ വരുത്തുകയും ചെയ്തു. ഇതനുസരിച്ച് വനം വകുപ്പിന്റെ അനുമതിയോടെ ആനയെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാവുന്നതാണ്. ഇതിനായി കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.
കേരളത്തിലേക്ക് ആനകള്‍ വരുന്നതിന് ചില ഉടമകള്‍ തടസം നില്ക്കുന്നു എന്ന വാര്‍ത്ത തികച്ചും അവാസ്തവമാണ്. പൂരങ്ങളെ തകര്‍ക്കുവാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ എത്ര മാത്രം പ്രതിസന്ധികള്‍ തരണം ചെയ്താണ് പൂരം നടത്തിയതെന്ന് മനസിലാകും. ഉത്സവ പെരുന്നാള്‍/നേര്‍ച്ച എന്നിവക്ക് ആവശ്യമായ ആനകളെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും, വനം വകുപ്പ്മന്ത്രിക്കും നിവേദനം നല്‍കിയതായി ഫെഡറേഷന് ഭാരവാഹികളായ പി.എസ്. രവീന്ദ്രനാഥന്‍, പി.എസ്. ജയഗോപാല്‍, കെ. മഹേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: