വാറങ്കല്‍ (തെലങ്കാന): കോണ്‍ഗ്രസിന്റെ വര്‍ണ വെറി രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ ജനങ്ങളെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അമേരിക്കന്‍ അങ്കിള്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് ഷെഹ്സാദ മറുപടി പറയണം, കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഉപദേശകനും ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ സാംപിത്രോദയുടെ വിവാദ പരാമര്‍ശത്തിനെതിരെ വാറങ്കലിലെ എന്‍ഡിഎ റാലിയില്‍ കടന്നാക്രമിക്കുകയായിരുന്നു മോദി.
ഷെഹ്സാദ നിങ്ങള്‍ ഇതിന് മറുപടി പറയണം. ഈ രാജ്യത്തെ ജനങ്ങളെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് സഹിക്കുമെന്ന് കരുതരുത്. മോദി ഇത് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഈ കോണ്‍ഗ്രസുകാര്‍ ജനങ്ങള്‍ ഏറെ ആദരിക്കുന്ന, വനവാസികുടുംബത്തില് പിറന്ന ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്ത് പരാജയപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിച്ചതെന്ന് ഞാനേറെ ചിന്തിച്ചിരുന്നു. ഇന്ന് എനിക്ക് അതിന്റെ ഉത്തരം കിട്ടി. അമേരിക്കയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു അങ്കിളുണ്ട്. അദ്ദേഹമാണ് ഷെഹ്സാദയ്ക്ക് തത്വങ്ങള്‍ ഉപദേശിക്കുന്നയാള്‍. ക്രിക്കറ്റിലെ തേഡ് അമ്പയറിനെപ്പോലെയാണയാള്. ഷെഹ്സാദ അയാളില്‍ നിന്നാണ് ഉപദേശങ്ങള്‍ തേടുന്നത്. ഈ ഫിലോസഫിക്കല്‍ അങ്കിള്‍ പറയുന്നു കറുത്ത നിറമുള്ളവര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന്. എന്താണിതിന്റെയര്‍ത്ഥം, അവര്‍ രാജ്യത്തെ എങ്ങോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്, പ്രധാനമന്ത്രി ചോദിച്ചു.
നമുക്ക് നിറമൊരു പ്രശ്നമല്ല. ശ്യാമവര്‍ണനായ ഭഗവാന് കൃഷ്ണനെ ആരാധിക്കുന്നവരാണ് ഭാരതീയര്‍, മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് വഞ്ചകരുടെ പാര്‍ട്ടിയാണ്. രാജ്യദ്രോഹികളുടെ പാര്‍ട്ടിയാണ്. അവര്‍ക്ക് ഇന്നാട്ടിലെ ജനങ്ങളോട് ബഹുമാനമില്ല. തെലങ്കാനയില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. എന്നാല്‍ പിന്നീടിന്നേ വരെ ആ വശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വാഗ്ദാനങ്ങളെല്ലാം ത്രിശങ്കുവിലാണ്. അവര്‍ ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യും, അതോടൊപ്പം സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പ്രസംഗിക്കുകയും ചെയ്യും. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഈ രാജ്യത്തോട് ചെയ്ത പാപങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. ഓരോ മാസവും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് അക്കാലത്ത് പുറത്തുവന്നത്.
രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും സ്ഫോടനപരമ്പരകള്‍ നടന്ന കാലമാണത്. ഇപ്പോള്‍ ഇന്‍ഡി മുന്നണി പറയുന്നത് ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രി എന്നാണ്. അവര്‍ അധികാരത്തില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി. ഇന്ന് നിങ്ങളുടെ മുന്നില്‍ വികസിത ഭാരതം എന്ന സ്വപ്നം ബിജെപി വയ്ക്കുന്നു. മൂന്ന് ഘട്ടം പോളിങ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എന്‍ഡിഎയുടെ വിജയരഥം അതിവേഗം കുതിക്കുകയാണ്. കോണ്‍ഗ്രസ് സ്വന്തം സീറ്റുകള്‍ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കി കണ്ടെത്തേണ്ടി വരും, പ്രധാനമന്ത്രി പറഞ്ഞു.
വാറങ്കല്‍ വെമുലവാഡയിലെ രാജരാജേശ്വര ദേവസ്ഥാനത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം എക്സില്‍ പങ്കുവച്ചു. കാശിയിലെ എംപി എന്ന നിലയില്‍ എനിക്ക് ഈ ക്ഷേത്രവുമായുള്ള ബന്ധം ഏറെ മഹത്വമുള്ളതാണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഞാന്‍ രാജരാജേശ്വരനോട് പ്രാര്‍ത്ഥിച്ചു, മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: