ന്യൂദല്‍ഹി: പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോവിഡ് വാക്സിനായ കോവിഷീല്‍ഡ് പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ യുകെയിലെ ആസ്ട്രാസെനേക. ഇനി കോവിഷീല്‍ഡിന്റെ ഉല്പാദനമോ വിതരണമോ ഉണ്ടാകില്ലെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രാസെനക അറിയിച്ചു. അതേ സമയം വാണിജ്യമായ കാരണങ്ങളാല്‍ കോവിഷീല്‍ഡ് പിന്‍വലിക്കുന്നുവെന്നാണ് ആസ്ട്രാസെനക വശിദീകരിക്കുന്നത്.
“വിപണിയില്‍ ഇപ്പോള്‍ ധാരാളം വാക്സിനുകള്‍ ഉണ്ട്. അതിനാല്‍ വില്‍പ്പന കുറഞ്ഞുപോയി. അതുകൊണ്ടാണ് പിന്‍വലിക്കുന്നത്” – ആസ്ട്രാസെനക പറയുന്നു. ആസ്ട്രാസെനേകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. ഇവരുടെ ഫോര്‍മുല പ്രകാരം ഇന്ത്യയില്‍ പൂന ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മ്മിച്ചിരുന്നത്.
ഏകദേശം 175 കോടി ഡോസ് വാക്സിന് രാജ്യത്ത് ഉപയോഗിച്ചു. യുകെയില്‍ നിന്ന് ഈ വാക്സിനെതിരെ ചില പരാതികള്‍ ഈയിടെ ഉയര്‍ന്നിരുന്നു. വാക്സിന് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയ്ക്ക് പിന്നാലെ കമ്പനി യുകെ കോടതിയില്‍ വാക്സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. എന്നാല്‍ പാര്‍ശ്വഫലങ്ങളില്‍ ആശങ്കപ്പെടേണ്ടെന്ന വാദമാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: