തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്പോണ്‍സറെ സംബന്ധിച്ച് അവ്യക്തത. സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രിക്കും കുടംബത്തിനും വേണ്ടി കോടികള്‍ ചെലവഴിക്കുന്ന അജ്ഞാതനെ സംബന്ധിച്ച് സിപിഎമ്മിലും അഭിപ്രായ ഭിന്നത.
ദല്ലാള്‍ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് താക്കീത് കൊടുത്തതിനു പിന്നാലെ അജ്ഞാതന്റെ ചെലവില്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദ സഞ്ചാരം നടത്തുന്നത് പാര്‍ട്ടിയിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ നാളെ ഓണ്‍ലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റി.
സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ഇതിനകം നശിച്ചുകഴിഞ്ഞു. തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തില്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശമനമില്ല. വേനല്‍ മാറി കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പും നിലനില്ക്കുന്നു. ഖജനാവ് കാലിയായതിനാല്‍ അടുത്ത മാസം മുതല്‍ ശമ്പളത്തിന് ഉള്‍പ്പെടെ നിത്യ ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ട അവസ്ഥയിലും.
സംസ്ഥാനം ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങള്‍ കേരളത്തിലേക്ക് അയച്ചത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല ആര്‍ക്കും നല്‍കിയിട്ടുമില്ല.
സാധാരണ ഒരു കമ്യൂണിസ്റ്റ് നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടി അറിഞ്ഞിരിക്കണം. ചെലവിനെക്കുറിച്ചും വിശദീകരണം നല്‍കണം. വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണം മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എല്ലാം അറിഞ്ഞിരുന്നുവെന്നാണ് ഇ.പി. ജയരാജന് വ്യക്തമാക്കിയത്. എന്നാല്‍ സ്പോണ്സര് ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചില്ല. എ.കെ. ബാലനും വിനോദയാത്ര സംബന്ധിച്ച് അറിഞ്ഞ മട്ടില്ല.
ഇതിനകം 20 വിദേശ യാത്രകളാണ് മുഖ്യമന്ത്രി നടത്തിയത്. ഇതെല്ലാം ഔദ്യോഗിക തലത്തിലായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ഗുണമുണ്ടായില്ല.
യുഎസ്എ, യുകെ, യുഎഇ, ജര്‍മനി, ക്യൂബ, സ്വിറ്റ്സര്‍ലാന്‍ഡ്, ജപ്പാന്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു യാത്രകള്‍. ഈ യാത്രകള്‍ക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കിയിട്ടില്ല. ഈ വിവാദങ്ങള്‍ ഒഴിവാക്കാനാണ് അജ്ഞാതന്റെ ചെലവിലുള്ള യാത്ര.
ഇതിനിടെ കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കേണ്ടി വരുമെന്ന ജാള്യതയില്‍ നിന്നും ഒളിച്ചോടിയെന്ന ആരോപണവും ഉയരുന്നു. രാജ്യത്ത് സിപിഎമ്മിനുള്ള ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്. കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സിപിഎം ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം നേതൃത്വം നല്കുന്ന ഉത്തരേന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ നടക്കുന്നതേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമൊക്കെ ഒരേ വേദി പങ്കിട്ട് വോട്ട് തേടുന്നു. സംസ്ഥാനത്ത് ഉണ്ടായിരുന്നാല്‍ പിണറായിക്കും അവിടെയൊക്കെ പോയി കോണ്‍ഗ്രസിന് വേണ്ടി വോട്ട് തേടേണ്ടി വരും. ഇതൊഴിവാക്കാനുള്ള ഒളിച്ചോട്ടമാണെന്ന ആരോപണവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: