വാഷിങ്ടണ്‍: മോഷണക്കുറ്റമാരോപിച്ച് അമേരിക്കന്‍ സൈനികനെ കസ്റ്റഡിയിലെടുത്ത് റഷ്യ. സ്റ്റാഫ് സര്‍ജന്റായ സൈനികനെ മെയ് രണ്ടിനാണ് ക്രിമിനല്‍ കുറ്റം ചുമത്തി റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഗോര്‍ഡന്‍ ബ്ലാക്ക് എന്നാണ് സൈനികന്റെ പേര്. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി അമേരിക്ക രംഗത്തെത്തി.
യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്ക തയാറായില്ല. വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ കഴിയുകയാണ് സൈനികന്. അദ്ദേഹത്തെ വീണ്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായും യുഎസ് വക്താവ് സിന്ത്യ സ്മിത്ത് അറിയിച്ചു.
ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിന് മുന്‍പും യുഎസ് ബന്ധമുള്ളവരെ റഷ്യ തടവിലാക്കിയിരുന്നു. നേരത്തെ വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഇവാന് ഗെര്‍ഷ്കോവിച്ച്, മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥനായ പോള്‍ വീലന്‍ എന്നിവരുള്‍പ്പെടെ നിരവധി അമേരിക്കക്കാരെ റഷ്യ തടവിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: