പാക്കധീന കശ്മീര്‍ ഭാരതത്തോടു ചേര്‍ക്കാന്‍ യുദ്ധം നടത്തേണ്ട ആവശ്യമില്ലെന്നും, അവിടെ താമസിക്കുന്ന ജനങ്ങള്‍ തന്നെ ഇതിന് സന്നദ്ധരാവുമെന്നുമുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ഒരേസമയം ശക്തമായ സന്ദേശവും മുന്നറിയിപ്പുമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം കശ്മീരിലുണ്ടായിരിക്കുന്ന വികസനം പാക്കധീന കശ്മീരിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും, അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജീവിതനിലവാരം അവര്‍ മനസ്സിലാക്കുന്നുണ്ട് എന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ് പറയുന്നത് രാഷ്ട്രീയ പ്രേരിതമായല്ല. വികസനരാഹിത്യവും വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമൊക്കെ പിടിമുറുക്കിയിരിക്കുന്ന പാക്കധീന കശ്മീരില്‍ വലിയ ജനരോഷമാണ് പാകിസ്ഥാനെതിരെ ഉയരുന്നത്. പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍നിന്ന് തങ്ങളെ മോചിപ്പിക്കാന്‍ പാക്കധീന കശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ഥിതിയാണ്. ഈ സംഭവവികാസങ്ങള്‍ പാക് ഭരണാധികാരികളെ അരിശം കൊള്ളിക്കുന്നതാണെങ്കിലും ജനങ്ങള്‍ വകവയ്ക്കുന്നില്ല. കാരണം അത് സഹിക്കാവുന്നതിലും ഏറെയാണ്. നിയന്ത്രണരേഖയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വലിയൊരു മാറ്റമാണ്. അവരെ രണ്ടാംതരം പൗരന്മാരായാണ് പാകിസ്ഥാന് കാണുന്നത്. പാക്കധീന കശ്മീരിലെ പ്രക്ഷോഭകര്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍പ്പോലും പ്രതിഷേധമുയര്‍ത്തുകയുണ്ടായി. പാക്കധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പാകിസ്ഥാനുമായുണ്ടായ ആദ്യ യുദ്ധത്തില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ രാജ്യസ്നേഹക്കുറവുകൊണ്ടും പിടിപ്പുകേടുകൊണ്ടും ഭാരതത്തിന് നഷ്ടമായ പ്രദേശമാണ് പാക്കധീന കശ്മീര്‍. ആസാദ് കശ്മീര്‍ എന്നാണ് പാകിസ്ഥാന് വിളിക്കുന്നത്. ഈ പ്രദേശം ഒരു സ്പ്രിങ് ബോര്‍ഡായി ഉപയോഗിച്ച് ഭാരതത്തിനെതിരെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പാക് സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരുന്നത്. ഈ പ്രദേശം ഭാരതത്തിന്റെ ഭാഗമാണെന്നു പറയാനുള്ള ധൈര്യം നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സര്‍ക്കാരുകള്‍ കാണിച്ചില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കിയെങ്കിലും റാവു സര്‍ക്കാരോ പിന്നീടുവന്ന യുപിഎ സര്‍ക്കാരോ ഈ വിഷയത്തില്‍ ചെറുവിരലനക്കിയില്ല. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ പാകിസ്ഥാന് ഈ പ്രദേശം വിട്ടുകൊടുത്തിരിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പെരുമാറിയത്. ഇതിന് മാറ്റമുണ്ടായത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണ്. പ്രധാനമന്ത്രി മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങളില്‍പ്പോലും പാക്കധീന കശ്മീര്‍ പരാമര്‍ശിക്കപ്പെട്ടു. എന്നുമാത്രമല്ല, പാക്കധീന കശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പാക്കധീന കശ്മീരിനെ മറക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയായിരുന്നുവെന്നും, ഇപ്പോള്‍ അത് ജനങ്ങളുടെ ഓര്‍മയില്‍ തിരികെയെത്തിയിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറയുകയും ചെയ്തു. സമീപകാലത്തുതന്നെ ഈ പ്രദേശം കൈവിട്ടുപോകുമെന്ന മാനസികാവസ്ഥ പാക് ഭരണാധികാരികള്‍ക്കുണ്ട്.
പാക്കധീന കശ്മീരിലുള്ള ഭാരതത്തിന്റെ അവകാശം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വാക്കുകള്‍ കശ്മീരില്‍ വിഘടനവാദം വളര്‍ത്തുകയും ഭീകരപ്രവര്‍ത്തനത്തിന് പച്ചക്കൊടിക്കാട്ടുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമാണ്. പാകിസ്ഥാനുള്ള മുന്നറിയിപ്പു തന്നെയാണിത്. പ്രതിരോധമന്ത്രി ഇങ്ങനെ പറയുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളുന്നു. ഇതിന് തെളിവാണ് കശ്മീരിലെ ‘ഗുപ്കാര്‍’ സഖ്യത്തിന്റെ പ്രതികരണങ്ങള്‍. പ്രതിരോധമന്ത്രി പറയുന്നതുപോലെ മുന്നോട്ടുപോയാല്‍ പാകിസ്ഥാന്റെ കയ്യില്‍ വളകളല്ലെന്നും, അവര്‍ അണുബോംബിടുമെന്നുമാണ് ഈ സഖ്യത്തില്‍പ്പെടുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് ഫറൂഖ് അബ്ദുള്ള പ്രസ്താവിച്ചത്. ആദ്യമായല്ല മുന്‍മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ള ഇങ്ങനെ പറയുന്നത്. കശ്മീര്‍ പ്രശ്നത്തില്‍ മോദി സര്‍ക്കാര്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും, അല്ലാത്തപക്ഷം പാലസ്തീനിന്റെയും ഗാസയുടെയും ഗതിവരുമെന്നുമാണ് കുറച്ചുനാള്‍ മുന്‍പ് ഇതേ അബ്ദുള്ള അഭിപ്രായപ്പെട്ടത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന മോദി സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് അബ്ദുള്ള ഇങ്ങനെ പറഞ്ഞത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യക്കാരായി കഴിയേണ്ടെന്നും, ചൈനയുടെ ഭരണത്തിന്‍കീഴില്‍ കഴിയാനാണ് ആഗ്രഹമെന്നും ഒരിക്കല്‍ അബ്ദുള്ള പറയുകയുണ്ടായി. ഇതേ മനോഭാവം തന്നെയാണ് ഗുപ്കാര്‍ സഖ്യത്തിലെ കോണ്‍ഗ്രസ്സിനും പിഡിപിക്കും സിപിഎമ്മിനുമൊക്കെയുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയുമായി ഇക്കൂട്ടര്‍ക്ക് ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും, പാകിസ്ഥാന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന നയമാണ് ഇവരുടേതെന്നും ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: