തൃശൂര്‍: മൈ ക്ലബ് ട്രേഡ്സ്(എംസിടി) നിക്ഷേപക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജില്ലാ ജയിലിലും സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതായി ആരോപണം. എംസിടി എംഡി മുഹമ്മദ് ഫൈസല്‍, നിയമോപദേശകനും പ്രമോട്ടറുമായ പ്രവീണ്‍ മോഹന്‍ എന്നിവര്‍ക്കാണ് ജയില്‍ അധികൃതരുടെ ഒത്താശ. ഇരുവരെയും ഒരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇരുവര്‍ക്കും ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിയന്ത്രണമില്ലാതെ സന്ദര്‍ശകരെ കാണാനും അനുവാദമുണ്ട്. പ്രതികള്‍ക്ക് പോലീസിലും രാഷ്ട്രീയത്തിലുമുളള ഉന്നത ബന്ധമാണ് ഇതിന് പിന്നിലെന്നാണ് പരാതിക്കാരുടെ ആരോപണം. മുഹമ്മദ് ഫൈസലിനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ട് പ്രതികളെയും ഒറ്റ സെല്ലില്‍ പാര്‍പ്പിക്കുന്നത് ഇരുവര്‍ക്കും ഗൂഡാലോചന നടത്താനുളള സാഹചര്യം സൃഷ്ടിക്കാനാണെന്നും ആക്ഷേപമുണ്ട്.
തൃശൂര്‍ ജില്ലയില്‍ മാത്രം മുഹമ്മദ് ഫൈസലിനെതിരെ 28 കേസുകള്‍ നിലവിലുണ്ട്. നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൃശൂരില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിക്കെതിരായ റിപ്പോര്‍ട്ട് പോലീസ് നല്‍കിയില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂട്ടര്‍ എതിര്ക്കാത്തിരുന്നതിനാല് ജാമ്യം ലഭിച്ചു. പ്രതിക്കെതിരെ അപ്പോള്‍ 17ഓളം നിക്ഷേപ തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്പെടുത്തതിലും പോലീസിനും വീഴ്ച പറ്റി. ജാമ്യ വ്യവസ്ഥ പ്രകാരം പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാന്‍ മുഹമ്മദ് ഫൈസല്‍ തയ്യാറായില്ല.
ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം കോടതിയില്‍ അറിയിക്കാനും പോലീസ് തയ്യാറിയില്ല. പുറത്തിറങ്ങിയ പ്രതിക്ക് മറ്റ് കമ്പനികള്‍ ഉണ്ടാക്കി നിക്ഷേപക തട്ടിപ്പ് നടത്താനും ഇത് സഹായകരമായി. വിവരാവകാശ നിയമപ്രകാരം പരാതിക്കാര്‍ അപേക്ഷ കൊടുത്തപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച കാര്യം പുറത്തായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ തന്നെയാണ് കോടതിയെ സമീപിച്ച് മുഹമ്മദ് ഫൈസലിന്റെ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം റദ്ദാക്കിയത് കോടതി തടഞ്ഞില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: