തൃശ്ശൂര്‍: കവിയും ഗാനരചയിതാവുമായ പള്ളത്തു വീട്ടില്‍ ഗോവിന്ദന് കുട്ടി എന്ന ജി.കെ. പള്ളത്ത് (82) അന്തരിച്ചു. തൃശ്ശൂരിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. അയ്യന്തോള്‍ ഹൈസ്കൂളിന് സമീപം വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിക്കും.
ജി. ദേവരാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാദസരം എന്ന ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ എഴുതിയാണ് സിനിമയിലെ അരങ്ങേറ്റം. സുഹൃത്തായ നടന് ടി.ജി. രവിയാണ് നിര്‍മാതാവ്. 1978ല്‍ ഇറങ്ങിയ ചിത്രത്തിലെ ‘കാറ്റ് വന്നു നിന്റെ കാമുകന് വന്നു’ എന്ന ഹിറ്റ് ഗാനം പാടിയത് പി. ജയചന്ദ്രനാണ്. അതേ സിനിമയിലെ ‘ഇല്ലപറമ്പിലെ പുേള്ളാത്തി’ എന്ന മറ്റൊരു ഗാനം പാടിയത് പി. മാധുരി ആണ്. കെ.ജെ. യേശുദാസ്, വാണിജയറാം, കെ.എസ്. ചിത്ര തുടങ്ങിയ പ്രമുഖ ഗായകര്‍ അദ്ദേഹം രചിച്ച ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
1942 മെയ് 19 ന് തൃശ്ശൂരില്‍ നാരായണന് നായര്‍ അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1958 ല്‍ തൃശ്ശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്.
കെ.എസ്. ജോര്‍ജും സുലോചനയും ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറം ആയിരുന്നു. പിന്നീട് ധൂര്‍ത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വര്‍ നാടകങ്ങള്‍ രചിക്കുകയും നാടകഗാനങ്ങള്‍ രചിക്കുകയും ചെയ്തു.
ദേവരാജന്‍ മാസ്റ്ററുമായി പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു. ദേവീപ്രസാദം, മൂകാംബികയമ്മ, എന്നീ ഭക്തി ഗാനങ്ങളും ചിങ്ങനിലാവ്, സ്വയംഭൂനാഥന്‍, മാരനെത്തേടി, മനസ്സിലെ ശാരിക തുടങ്ങിയ ആല്‍ബങ്ങളും പള്ളത്തിന്റേതായി ഉണ്ട്. റവന്യൂ വകുപ്പില്‍ നിന്നും 1997ല്‍ ഡെപ്യൂട്ടി തഹസില്‍ദാരായാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ ഗാനാര്‍ച്ചന എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞമാസം ആദ്യവാരത്തിലാണ് നടന്നത്. ഭാര്യ: എന്‍. രാജലക്ഷ്മി (റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫീസര്‍). മക്കള്‍: നയന (യുകെ) സുഹാസ്, രാധിക (ചിക്കാഗോ). മരുമക്കള്‍: പ്രദീപ് ചന്ദ്രന്, ശ്രീലത മേനോന്, സുനീഷ് മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: