സൂററ്റ്(ഗുജറാത്ത്): അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി യോഗമഹോത്സവവുമായി മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. സൂററ്റിലെ അത്വാലിന്‍സ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. രാവിലെ 7ന് ആരംഭിച്ച യോഗ മഹോത്സവത്തില്‍ ഏഴായിരത്തിലധികം വരുന്ന ജനങ്ങള്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
യോഗ ശാരീരിക ഉന്മേഷത്തിനും മാനസികോല്ലാസത്തിനും മാത്രമല്ല, സമാധാനത്തിനും അതുവഴി സാമൂഹിക സൗഹാര്‍ദത്തിനും വികസനത്തിനും വഴിയൊരുക്കുമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച പറഞ്ഞു. സൂററ്റ് രാജ്യത്തെ ശുചിത്വനഗരമാണ്. യോഗ ശീലിക്കുന്ന ജനത ജീവിതത്തില്‍ അച്ചടക്കം പുലര്‍ത്തുകയും നിയമങ്ങളെ അനുസരിക്കുകയും ചെയ്യും. ശുചിത്വമെന്ന് പരിസരവൃത്തി മാത്രമല്ല, സമൂഹത്തിന്റെ അഭിവൃദ്ധി കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധരായ ആയിരക്കണക്കിന് യോഗാ അദ്ധ്യാപകരെ സൃഷ്ടിച്ച് രാജ്യത്ത് യോഗ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മന്ത്രാലയം, മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുമായി ചേര്‍ന്ന്, 100 ദിനം, 100 നഗരം, 100 സംഘങ്ങള്‍ കാമ്പെയ്നിന്റെ ഭാഗമായി യോഗ പ്രദര്‍ശനങ്ങളുടെ പരമ്പര സൃഷ്ടിക്കും. സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, കൂടാതെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ നിരവധി പങ്കാളികളുടെ സഹകരണം ഈ കാമ്പയിനിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: