മുംബൈ: തിങ്കളാഴ്ചത്തെ നഷ്ടം ഒരു പരിധി വരെ നികത്തി ഓഹരി വിപണി. ചൊവ്വാഴ്ച മഹാരാഷ്ട്രദിനം കാരണം അവധിയിലായിരുന്ന വിപണി ബുധനാഴ്ച ഉണര്‍ന്നു. സെന്‍സെക്സ് 128 പോയിന്റ് കയറി 74,600 നെ മറികടന്നു. നിഫ്റ്റിയാകട്ടെ 22,650ല്‍ തൊട്ടു. ഇതിന് പ്രധാനകാരണം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് 5.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് തീരുമാനിച്ചതാണ്. അതിനാല്‍ രൂപ ഡോളറിനെതിരെ വെറും നാല് പൈസയുടെ മാത്രം നഷ്ടമേ വ്യാഴാഴ്ച വരുത്തിയുള്ളൂ.
ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ മേഖലയിലെ ഓഹരികള്‍ ഒരു ശതമാനം വരെ നേട്ടമുണ്ടാക്കി. ഓയില്‍ ആന്റ് ഗ്യാസില്‍ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ ഓഹരികള്‍ 4.4 ശതമാനം വരെ ഉയര്‍ന്നു.
റിസര്‍വ്വ് ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കരുതെന്നത് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ ഇറക്കത്തിലായിരുന്ന കൊടക് മഹീന്ദ്ര ബാങ്ക് ഓഹരി ബുധനാഴ്ചയും 2.97 ശതമാനം വരെ താഴ്ന്നു.
പവര്‍ ഗ്രിഡ് കോര്പറേഷന്, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ്, എന്നിവരാണ് മികച്ച നേട്ടമുണ്ടാക്കിയത്. കൊടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാ കണ്‍സ്യൂമേഴ്സ്, ആക്സിസ് ബാങ്ക്, എച്ച് ഡിഎഫ് സി ലൈഫ്, പിഡിലൈറ്റ് എന്നീ ഓഹരികള്‍ തകര്‍ന്നു.
ഊര്‍ജ്ജരംഗത്തെ എബിബി, എൻടിപിസി, എന്‍എച്ച്പിസി, ജെഎസ് ഡബ്ല്യു എനര്‍ജി, സീമന്‍സ്, സുസ്ലോണ്‍ എനര്‍ജി എന്നിവ നേട്ടമുണ്ടാക്കി. ഓട്ടോയില്‍ ഹീറോമോട്ടോഴ്സ്, ബജാജ്, ടിവിഎസ്, മഹീന്ദ്ര, എയ്ഷര് മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കി. എന്നാല്‍ മാരുതി ഇടിഞ്ഞു.
ലോഹ ഓഹരികളില്‍ ടാറ്റാസ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവ നേട്ടം കൊയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: