ഇതൊരു സെലക്ഷനല്ല, കുതിച്ചുകയറ്റമാണ്. പ്രമുഖ താരങ്ങള്‍ കൂട്ടത്തോടെ ഒഴിയുന്ന അവസരങ്ങളില്‍ മാത്രം ഭാരത ടീമിന്റെ നീലക്കുപ്പായമിടാന് അവസരം നല്‍കുന്നവരുടെ വിചാരത്തിനുമേല്‍ ഒരു അനന്തപുരിക്കാരന് പ്രകടനമികവുകൊണ്ട് നടത്തിയ മുന്നേറ്റം. രാജസ്ഥാന് റോയല്‍സിനെ രാജകീയമായി പ്ലേഓഫിലേക്ക് നയിച്ച നായക വേഷം കൂടിയായതോടെ വരുന്ന ട്വന്റി20 ലോകകപ്പ് ടീമില്‍ സഞ്ജു വി. സാംസണ് എന്ന പേര് സെലക്ടര്‍മാരുടെ പട്ടികയില്‍ യാന്ത്രികമെന്നോണം തെളിഞ്ഞുമിന്നിയെന്നതാണ് വാസ്തവം.
അടുത്ത മാസം ഒന്ന് മുതല്‍ 29 വരെ നീളുന്ന ഐസിസി ട്വന്റി20 ലോകകപ്പിനുള്ള ഭാരത ടീമിലേക്ക് സഞ്ജുവിനെ ഉള്‍പ്പെടുത്തിയ വിവരം ബിസിസിഐ പുറത്തുവിട്ട നിമിഷം അന്താരാഷ്ട്ര തലം മുതലുള്ള സര്‍വ്വ ന്യൂസ് പോര്‍ട്ടലുകളും നല്കിയ തലക്കെട്ടില്‍ സഞ്ജുവിന്റെ പേര് നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തുവച്ചു. ചില വാര്‍ത്താ സൈറ്റുകളെല്ലാം സഞ്ജുവിന്റെ അദ്ധ്വാനത്തെ വിവരിക്കാന്‍ പ്രത്യേകം സ്പേസുകള്‍ നല്കി. മിക്കവാറും ഏഴുത്തുകളിലെ ഭാഷ സഞ്ജു സെലക്ടര്‍മാരുടെ വാതില്‍ തകര്‍ത്തുടച്ച് അകത്തെത്തി എന്ന തരത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മുന്നില്‍ വച്ച 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രകടനത്തോടെ സഞ്ജു ഐപിഎലിലെ ഫൈന്‍ ഫിനിഷര്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ന്നു. അന്ന് മൂന്നാം നമ്പര്‍ പൊസിഷനിലിറങ്ങി ക്യാപ്റ്റന്റെ കരുതലോടെ ഇന്നിങ്സ് ഭദ്രമാക്കാനുള്ള ഉദ്യമം സഞ്ജു സ്വയം ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എതിരാളികളുടെ സ്റ്റേഡിയത്തില്‍ സഞ്ജു കൈയടി നേടിക്കൊണ്ടിരിക്കുന്ന കാഴ്ച്ചകളാണ് പിന്നെ കണ്ടത്. 33 പന്തുകളില്‍ ഏഴ് ബൗണ്ടറികളും നാല് സിക്സറുമായി 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. യാഷ് ഠാക്കുര്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സ്ട്രൈക്ക് ചെയ്ത സഞ്ജുവിന് നേര്‍ക്കെത്തിയ ലോവര്‍ ഫുള്‍ടോസ് ബോളിനെ ഫൈന്‍ ലെഗിലേക്ക് സിക്സര്‍ പറത്തി സഞ്ജു വിജയം കുറിച്ചു. അത് വെറും വിജയമല്ല. 17-ാം ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന് റോയല്‍സിന്റെ എട്ടാം വിജയമായിരുന്നു.
ഈ മത്സരത്തോടെ സഞ്ജുവിന്റെ ലവല്‍ കൂടുതല്‍ മാറിമറിഞ്ഞു. ആരാധകരും കൂടി. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 77 റണ്‍സ് ശരാശരിയില്‍ 385 റണ്‍സാണ് സമ്പാദ്യം. 161.09 പ്രഹരശേഷിയിലാണ് സഞ്ജുവിന്റെ ഹിറ്റ് ഗെയിം തുടര്‍ന്നുവരുന്നത്.
സഞ്ജുവിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടി ഉണ്ട്. വമ്പന്‍ ഹിറ്റിനുള്ള സഞ്ജുവിന്റെ ശേഷിയാണ് അതില്‍ എടുത്തു പറയേണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരെ സിക്സര്‍ പറത്താനുള്ള താരത്തിന്റെ കഴിവ് ഐപിഎലില്‍ പലകുറി അടിവരയിട്ടിട്ടുള്ള കാര്യമാണ്. കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുക. കൂടുതല്‍ മത്സരങ്ങളും കരീബിയയിലാണ്.
പിന്തള്ളിയത് കെ.എല്‍. രാഹുലിനെ
ഇതിഹാസ താരം എം.എസ്. ധോണിക്ക് ശേഷം ഭാരത ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടു പോരുതാനും മികവ് തെളിയിച്ച താരമാണ് ഋഷഭ് പന്ത്. കാറപകടത്തെ തുടര്‍ന്നുള്ള വിശ്രമം കഴിഞ്ഞ് തിരിച്ചെത്തി പന്ത് ഐപിഎലില്‍ മുഴുനീള സാന്നിധ്യമാകുമ്പോള്‍ ലോകകപ്പ് ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി തീര്‍ച്ചയായും പരിഗണക്കുക സ്വാഭാവികം. രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടിയിരുന്നത് കെ.എല്‍. രാഹുലിനെയാണ്.
നിലവിലെ ഐപിഎല്‍ പ്രകടനത്തിലെ സഞ്ജുവിന്റെ വ്യക്തിഗത മികവും രാജസ്ഥാനെ മുന്നോട്ട് നയിക്കുന്ന നായക മികവും ഗുണമായി. ട്വന്റി20 സ്പെഷ്യലിസ്റ്റ് എന്ന നിലയ്ക്ക് സഞ്ജു തന്റെ സാമ്രാജ്യം ഉറപ്പിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രഹര ശേഷി കുറഞ്ഞ ബാറ്റിങ് കെ.എല്‍. രാഹുലിനെ സഞ്ജുവിന് പിന്നിലാക്കി. നായകന് എന്ന നിലയില്‍ രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മുന്നിരയിലെത്താന് സാധിച്ചിട്ടില്ല. രാഹുലിനെ കൂടാതെ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിന് വെല്ലുവിളിയായുണ്ടായിരുന്നത് ജിതേഷ് ശര്‍മയും ധ്രുവ് ജുറെലും ആണ്. പ്രഹരശേഷിയുടെ കാര്യത്തില്‍ ഇരുവരും സഞ്ജുവിന് പിന്നിലാണ്. ധ്രുവ് ജുറെല്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍ ആണെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ തെളിയിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: