ബാങ്കോക്ക്: ഫിഫ വനിതാ ലോകകപ്പ് 2027 ആതിഥേയം വഹിക്കാനുള്ള ലേലത്തില്‍ നിന്ന് അയല്‍രാജ്യക്കാരായ അമേരിക്കയും മെക്സിക്കോയും പിന്മാറി. 2031 ലോകകപ്പ് നോട്ടമിടാനാണ് സംയുക്ത രാഷ്ട്രങ്ങളുടെ തീരുമാനം. അതിഥേയരെ നിശ്ചയിക്കാനുള്ള ഫിഫ കോണ്‍ഗ്രസ് വരുന്ന 17ന് ചേരാനിരിക്കെയാണ് രാഷ്ട്രങ്ങളുടെ ലേലത്തില്‍ നിന്നുള്ള പിന്മാറ്റം. ബ്രസീല്‍, ജര്‍മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് ടീമുകളാണ് ലേലത്തില്‍ ഇനി ബാക്കിയുള്ളവര്‍.
2026ല്‍ പുരുഷ ലോകകപ്പ് നടത്തിപ്പോടെ ഇതിലേക്കുള്ള നിക്ഷേപത്തെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും കൃത്യമായ വ്യക്തത വരും. അങ്ങനെവരുമ്പോള്‍ 2031ലെ ലോകകപ്പ് കൂടുതല്‍ മികവോടെ സംഘടിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ സോക്കറും മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനുകളും കണക്കുകൂട്ടുന്നു. ഇക്കാര്യം ഇരു വിഭാഗവും സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു. 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: