കന്യാകുമാരി: എട്ടുവര്‍ഷത്തെ ഇടത് ഭരണം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന കാര്യകര്‍തൃ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരും അധ്യാപകരും പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന ശമ്പളമൊഴികെയുള്ള ഒട്ടുമിക്ക ആനുകൂല്യങ്ങളും സര്‍ക്കാര്‍ കവരുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു. ജോലി ചെയ്യുന്നവരുടെ അവകാശമാണ് ശമ്പളമെന്നും ഔദാര്യമല്ലെന്നും കോടതികള്‍ക്ക് സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടി വരുന്ന സ്ഥിതിയാണ്. ക്ഷേമ പെന്ഷന് മുടങ്ങാതെ നല്‍കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയവര്‍ ക്ഷേമ പെന്ഷന് ഔദാര്യമാണെന്ന നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നു. നടുറോഡില്‍ വാഹനം കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പണി തെറിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്ന മേയറും എംഎല്‍എയും അധികാര രാഷ്ട്രീയത്തിന്റെ അടയാളങ്ങളാണ്.
പ്രതികരണ ശേഷി നഷ്ടപ്പെട്ട് ഭയന്ന് ജീവിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ച് ദീര്‍ഘകാലം അധികാരം ആസ്വദിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. ഉദ്ഘാടന സഭയില്‍ എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ജിഗി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ട്രഷറര്‍ കെ.കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘സംഘടനാ കാര്യകര്‍ത്താക്കള്‍ അറിഞ്ഞിരിക്കേണ്ട അവശ്യം സര്‍വീസ് ചട്ടങ്ങളും നിയമങ്ങളും’ എന്ന വിഷയത്തില്‍, വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച സീനിയര്‍ സൂപ്രണ്ട് ടി. രവീന്ദ്രക്കുറുപ്പ് ക്ലാസെടുത്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്കെ. പ്രഭാകരന് നായര്‍ അധ്യക്ഷനായി. സംസ്ഥാന പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറംകോട് ബിജു, ഉത്തരമേഖലാ സെക്രട്ടറി കെ. ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘അധ്യാപനം രാഷ്ട്ര സേവനം, വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിക്ക്’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു, വനിതാ വിഭാഗം കണ്‍വീനര്‍ പി.ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് ‘സംഘടനയും സംഘാടകനും’ എന്ന വിഷയത്തില്‍ ഇന്ന് ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് വി. അനീഷ് പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. സുരേഷ് കുമാര്‍ അധ്യക്ഷനായിരിക്കും.
സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. രാജേഷ്, എ. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. 14 ജില്ലകളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശിബിരം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: