ന്യൂദല്‍ഹി: സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തി. ഇ ഡി സംഘം ആക്രമിക്കപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിഐഎസ്എഫിനെ സുരക്ഷയ്ക്കായി നിയോഗിച്ചത്.
സന്ദേശ്ഖാലിയിലും മറ്റും ഇ ഡി സംഘത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഇ ഡിയുടെ അന്വേഷണവും പ്രവര്‍ത്തനങ്ങളും തടസപ്പെടാതിരിക്കുന്നതിനായാണ് സമാന്തര സൈന്യത്തിന്റെ സുരക്ഷ നല്‍കുന്നത്. ഇന്റലിജന്റ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടക്കത്തില്‍ കൊല്‍ക്കത്ത, റാഞ്ചി, റായ്പൂര്‍, മുംബൈ, ജലന്ധര്‍, ജയ്പൂര്‍, കൊച്ചി എന്നിവിടങ്ങളിലെ ഇ ഡി യൂണിറ്റുകള്‍ക്കാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിനെതിരെയുള്ള റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയ കൊല്‍ക്കത്ത യൂണിറ്റിലെ മൂന്ന് ഇ ഡി ഉദ്യോഗസ്ഥരെ കഴിഞ്ഞ ജനുവരി അഞ്ചിന് ആക്രമിച്ചിരുന്നു. ഇത് കൂടാതെ സന്ദേശ്ഖാലിയില്‍ അന്വേഷണം നടത്താനെത്തിയ ഇ ഡി സംഘത്തിന് നേരേയും ആള്‍ക്കൂട്ട ആക്രമണമുണ്ടായിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: