തിരുവനന്തപുരം: കെഎസ്ആര്‍ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പോലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പോലീസ് പറയുന്നു.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെഎസ്ആര്‍ടിസി പരാതി നല്‍കിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയര്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മേയറുമായുള്ള പ്രശ്നത്തില്‍ കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരേ ഇന്ന് ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചിരുന്നു.
അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: