സത്താറ: രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള വോട്ട് പിടിക്കലിനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് നേടുന്നതിനായി മതപരമായ സംവരണമാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നതെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. സത്താറയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പരാമർശം നടത്തിയത്.
കർണാടകയിലെ ഒബിസി വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ അവകാശങ്ങളും സംവരണവും നിഷേധിച്ച് ഇവ മുസ്ലീം സമുദായത്തിന് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിൽ ഒബിസിക്ക് 27 ശതമാനം സംവരണമാണ് ഉള്ളത്. ഒറ്റ രാത്രികൊണ്ടാണ് കോൺഗ്രസ് എല്ലാ മുസ്ലിംങ്ങളെയും ഒബിസികളായി പ്രഖ്യാപിച്ചത്.
ജനങ്ങൾ തനിക്കൊപ്പമുള്ളത് വരെ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിനും ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനുമുള്ള ശ്രമം അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്താറയിൽ മുമ്പും കാവി നിറം അലയടിച്ചിരുന്നുവെന്നും ഇക്കുറിയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: