കൊടുംചൂടില്‍ ഉരുകുകയാണ് കേരളം. വേനല്‍ മഴ ലഭിക്കാതിരിക്കുന്നതും കാലവര്‍ഷം വൈകുന്നതുമൊക്കെ ചൂടിനിടയാക്കുന്നത് മലയാളികള്‍ക്ക് അപരിചിതമല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ ഇത് അനുഭവിക്കുന്നതുമാണ്. എന്നാല്‍ മാസങ്ങളായി തുടരുന്ന ഇപ്പോഴത്തേതുപോലുള്ള ചൂട് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്ന് തീര്‍ത്തുപറയാം. കടുത്ത ചൂടുകൊണ്ട് പുറത്തിറങ്ങാന്‍ പോലും ആവാത്ത സ്ഥിതിയാണ്. തീവെയിലേറ്റ് പണിയെടുക്കുന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. കൂലിവേലക്കാരെയും ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും കച്ചവടക്കാരെയുമെന്നുവേണ്ട, എല്ലാവരെയും കൊടുംചൂട് വിഴുങ്ങുകയാണ്. വീടിനകത്തുപോലും സ്വസ്ഥമായി ഇരിക്കാന്‍ കഴിയുന്നില്ല. ഉഷ്ണത്തിന്റെ തീവ്രത മൂലം ഉറങ്ങാന്‍ പോലും കഴിയാത്ത ഇപ്പോഴത്തെ അവസ്ഥ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടും, കൊല്ലം-തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണുള്ളത്. തൊഴില്‍ സമയങ്ങളില്‍ ക്രമീകരണം വരുത്തുക മാത്രമല്ല, ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നുവരെ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികള്‍ക്ക് ഒരാഴ്ചക്കാലത്തെ അവധി നല്കിയിരിക്കുന്നു. സ്കൂളുകളെയും ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറുകയുമാണ്.
അറബിക്കടലില്‍നിന്നുയരുന്ന നീരാവിയെ അപ്പാടെ തടഞ്ഞുനിര്‍ത്താന്‍ സഹ്യപര്‍വതമുള്ളതിനാല്‍ വര്‍ഷംതോറും വന്‍തോതില്‍ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു കേരളം. ആയിരുന്നു എന്നേ പറയാന്‍ കഴിയൂ. ഇനി അങ്ങനെ ആവണമെന്നില്ല. സഹ്യപര്‍വതത്തില്‍നിന്ന് ഉത്ഭവിച്ച് താഴോട്ടൊഴുകി സമുദ്രത്തില്‍ പതിക്കുന്ന നാല്പ്പത്തിനാല് നദികളെക്കുറിച്ച് മലയാളികള്‍ അഭിമാനംകൊള്ളാറുണ്ട്. എന്നാല്‍ ഈ നദികളുടെയൊക്കെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അധികമാരും അന്വേഷിക്കാറില്ല. നദികളുടെ ദുരവസ്ഥകളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ വലിയ വേവലാതിയും കാണിക്കാറില്ല. ഏറ്റവും വീതിയേറിയ ഭാരതപ്പുഴയില്‍ ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയാണ് ജലം നിറയുന്നത്. വര്‍ഷത്തില്‍ ഏറെക്കാലവും വറ്റിവരണ്ട് കിടക്കുകയാണ്. ജലനിരപ്പ് വല്ലാതെ താഴ്ന്നിരിക്കുന്ന പെരിയാറിന്ന് മാലിന്യത്തിന്റെ മറ്റൊരു പേരാണ്. വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് നദികള്‍ വറ്റിവരളാന്‍ കാരണം. നദികളില്‍ ജലമില്ലാതായാല്‍ വരളുന്നത് മലയാളികളുടെ ജലസ്രോതസ്സുകളുമായിരിക്കും. പാടങ്ങളും കുളങ്ങളും കിണറുകളും വറ്റിവരളുമ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും. വേനല്‍ കടുത്താല്‍ ഇപ്പോള്‍ തന്നെ പലയിടങ്ങളിലുള്ളവര്‍ക്കും കുടിവെള്ളത്തിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നു. ഇടയ്ക്കെങ്കിലും നല്ല മഴ ലഭിക്കാതെ ഇപ്പോഴത്തെ കൊടുംചൂട് തുടരുകയാണെങ്കില്‍ കുടിവെള്ളക്ഷാമം അത്യന്തം രൂക്ഷമാകും. ഇതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ തന്നെ അധികൃതര്‍ ആലോചിക്കേണ്ടതുണ്ട്.
മഴക്കാലം മലയാളിക്ക് പനിക്കാലമാണ്. കൊടുംചൂട് കൊണ്ടുവരുന്നതാവട്ടെ നിരവധി ആരോഗ്യപ്രശ്നങ്ങളും. ഉഷ്ണതരംഗം ഇങ്ങനെ തുടര്‍ന്നാല്‍ സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യതയേറും. മറ്റ് രോഗങ്ങളുള്ളവരേയും വയസ്സായവരെയും കിടപ്പുരോഗികളെയുമൊക്കെ കൊടുംചൂട് എങ്ങനെയൊക്കെയാണ് ബാധിക്കുകയെന്ന് പറയാനാവില്ല. ധാരാളം വെള്ളം കുടിക്കുകയെന്നത് ഇവയില്‍ പലതിനും പരിഹാരമാണ്. പക്ഷേ ഇക്കാര്യത്തില്‍ മലയാളിക്ക് വിമുഖതയാണ്. ശുദ്ധജലത്തെക്കാള്‍ കൂടുതല്‍ ചായയും കാപ്പിയും മദ്യവും കഴിക്കുന്നവരാണ് ചില മലയാളികളെങ്കിലും. ഈ ശീലം മാറ്റേണ്ടിയിരിക്കുന്നു. ഭക്ഷണത്തിനൊപ്പം മാത്രം വെള്ളം കുടിച്ചാല്‍ മതിയെന്നു കരുതുന്നവരാണ് പലരും. ചൂടുകാലമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാനും, വേണ്ടിവന്നാല്‍ ചികിത്സ തേടാനുമൊന്നും മടിക്കരുത്. കൊടുംചൂടില്‍ ചര്‍മത്തിന്റെയും കണ്ണിന്റെയുമൊക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇതേക്കുറിച്ചൊക്കെ അറിവുണ്ടാകേണ്ടതുണ്ട്. മഴ ലഭിക്കാത്തത് ഇപ്പോഴത്തെ കൊടുംചൂടിന്റെ കാരണങ്ങളിലൊന്നു മാത്രമാണെന്ന് തിരിച്ചറിയാന്‍ വൈകരുത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് നാം അനുഭവിക്കുന്നത്. കേരളം മാത്രമല്ല കൊടുംചൂട് അനുഭവിക്കുന്നത്. പല സംസ്ഥാനങ്ങളിലും അതുണ്ട്. അധികമായ കാര്‍ബണ്‍ ബഹിര്‍ഗമനം ഹരിതഗൃഹപ്രഭാവത്തിന് കാരണാകുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിന്റെ കെടുതി അനുഭവിക്കുകയാണ്. നമുക്കും ഇതൊക്കെ ബാധകമാണെന്ന് മലയാളി മനസ്സിലാക്കാന്‍ വൈകുന്നു. ഇപ്പോഴത്തെ കൊടുംചൂടിനെ ഇല്ലാതാക്കാന്‍ മഴയ്ക്കുവേണ്ടി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: