കോട്ടയം: കേരളത്തിലേക്കുള്ള ചപ്പാത്തിയുടെ വരവിന്റെ 100ാം വാര്‍ഷികം കഥ സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മാവേലിക്കരയില്‍ ആഘോഷിക്കുന്നു. ചപ്പാത്തിയിലേക്കുള്ള മലയാളിയുടെ രുചിമാറ്റത്തിന് കാരണമായത് വൈക്കം സത്യഗ്രഹമായിരുന്നുവെന്നാണ് ചരിത്രം.
വൈക്കം സത്യഗ്രഹത്തിനു തുടക്കമിട്ടത് മാവേലിക്കര സ്വദേശിയായ ടി.കെ.മാധവനാണെന്നതിനാലാണ് ചപ്പാത്തിയുടെ ശതാബ്ദി അവിടെ ആഘോഷിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 5ന് കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തില്‍ രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നടക്കുന്ന സമ്മേളനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് കെ.കെ.സുധാകരന് അധ്യക്ഷത വഹിക്കും. ലുധിയാനയില്‍ നിന്നുള്ള രാജ വീരേന്ദ്രസിങ് മുഖ്യാതിഥിയായി പങ്കെടുക്കും. ജോര്‍ജ് തഴക്കര വിഷയാവതരണം നടത്തുമെന്ന് സെക്രട്ടറി റെജി പാറപ്പുറത്ത് അറിയിച്ചു.
ചപ്പാത്തി കേരളത്തില്‍ പ്രചരിക്കുന്നത് വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടാണ്. കേരളത്തില്‍ തുടങ്ങിയ അയിത്തോച്ചാടന സത്യഗ്രഹത്തിന് (വൈക്കം സത്യഗ്രഹം) അനുഭാവം പ്രകടിപ്പിക്കുവാന്‍ പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മറ്റി തീരുമാനിക്കുകയും
ലാലാ ലാല്‍ സിംഗ്, കൃപാല്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം പഞ്ചാബില്‍ നിന്നും വരികയും ചെയ്തു. അവര്‍ ഏപ്രില്‍ 28ന് വൈക്കത്തെത്തി. 1924 ഏപ്രില്‍ 29ന് അകാലി സിക്കുകാര്‍ വൈക്കത്ത് ഭോജനശാല ആരംഭിച്ചു. 58 ദിവസം സത്യഗ്രഹികള്‍ക്കായി അവര്‍ ഭക്ഷണം വെച്ചുവിളമ്പി. ചപ്പാത്തിയും ഡാലുമായിരുന്നു പ്രധാന ഭക്ഷണ വിഭവം. ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി ബഹുജനമധ്യേ കൊണ്ടുവന്നത് മേരി എലിസബത്ത് കിംഗ് എന്ന മാധ്യമ പ്രവര്‍ത്തകയാണ്. ജൂണ്‍ 25ന് സൗജന്യ ഭോജനശാല നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. എങ്കിലും മലയാളിയുടെ നാവില്‍ ചപ്പാത്തിയുടെ രുചി വൈക്കം സത്യഗ്രഹത്തോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്ക്കുമാത്രമായിട്ടാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: സെക്രട്ടറി 70252 53565
പ്രതികരിക്കാൻ ഇവിടെ എഴുതുക: