ചേര്‍ത്തല: ദല്ലാള്‍ നന്ദകുമാറിനെതിരെ ഇ.പി.ജയരാജന് കേസു കൊടുക്കാത്തതില്‍ പൊതു സമൂഹത്തിനു സംശയമുണ്ടെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നന്ദകുമാര്‍ ഫ്രോഡും നിലപാടുകളില്ലാത്തവനുമാണെന്നു പറഞ്ഞിട്ടും ഇ.പി. ജയരാജന് എനിക്കെതിരെ കേസു കൊടുക്കാന്‍ കാട്ടിയ ആവേശം നന്ദകുമാറിനെതിരെ കാട്ടത്തതെന്താണെന്ന് വ്യക്തമാക്കണം.
നന്ദകുമാറിന്റെ കൈവശം ഇപിക്കെതിരായ തെളിവുകളുണ്ടെന്നു വ്യക്തമാണ്. ഇ.പി.ജയരാജനുമായി ചര്‍ച്ച ചെയ്തെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതു സംബന്ധിച്ച് കുടുതല്‍ തെളിവുകള്‍ പിന്നാലെ പുറത്തു വരുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സര്‍വ്വത്ര പാപികളുടെയും കൈപിടിച്ചും കൂട്ടുകൂടിയും സ്വന്തം കുടുംബ ആധിപത്യത്തിനായി പ്രസ്ഥാനത്തെ ഉപയോഗിച്ച പിണറായി വിജയന് പൗരബോധത്തെ കുറിച്ചു പറയാന്‍ അര്‍ഹതയില്ല. വലുതും ചെറുതുമായ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയാണ് പിണറായി പാര്‍ട്ടിയില്‍ ഇവരെയെല്ലാം നിലനിര്‍ത്തിയിരിക്കുന്നത്. പ്രാണഭയം കൊണ്ടാണ് പലരും സിപിഎമ്മില്‍ തുടരുന്നത്.
ഇ.പി. ജയരാജന്റെ കാര്യത്തിലും അതു തന്നെയാണ് തെളിയുന്നത്. പിണറായി വിജയന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനം നൊന്ത് പലരും സിപിഎം വിടാന്‍ തയാറെടുക്കുകയാണ്. ഇന്നലെ വരെ ഒപ്പം നിന്നവര്‍ പോലും ബിജെപിയുടെ കൊടി പിടിക്കുമ്പോഴും ആരും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തമാശയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇനിയും നേതാക്കള്‍ ബിജെപിയിലേക്കുവരും.
കെ. സുധാകരന് ബിജെപിക്കെതിരെ പറയുന്നത് വയോധികനായ ആളുടെ വാക്കുകളായി മാത്രമേ കാണുന്നുള്ളുവെന്നും തന്റെ നിലപാടുകള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. എന്‍ഡിഎ നേതാക്കളായ അഡ്വ. പി.എസ്.ജ്യോതിസ്, ടി. സജീവ്ലാല്‍, അഭിലാഷ് മാപ്പറമ്പില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: