ന്യൂദല്‍ഹി: ഒരു കാലത്ത് കോടതികളെ- അത് ഹൈക്കോടതികളായാലും സുപ്രീംകോടതികളായാലും- എടുത്ത് അമ്മാനമാടിയിരുന്ന രണ്ട് അഭിഭാഷകരാണ് പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും. പക്ഷെ പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് എഴുതേണ്ടി വരുന്നു. കാരണം ഇവരുടെ വാദങ്ങള്‍ക്ക് എതിരെ കോടതികള്‍ വിധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യുന്നതിനൊപ്പം യന്ത്രം പുറന്തള്ളുന്ന പേപ്പര്‍ മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്നും ഇലക്ട്രോണിക്സ് യന്ത്രത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഉള്ള വാദമുഖങ്ങള്‍ നിരത്തിയ പ്രശാന്ത് ഭൂഷണ് എതിരായി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളി. മാത്രമല്ല, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പോലുള്ള ആധുനിക സാങ്കേതിക വിദ്യയെ സംശയിക്കുന്നത് നല്ലതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്‌ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും കണക്കിന് വിമര്‍ശനം കിട്ടിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, ഒസിസിആര്‍പി റിപ്പോര്‍ട്ട് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ അദാനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും വേണ്ടത്ര വസ്തുതകളില്ല. അതിനാല്‍ ഈ റിപ്പോര്‍ട്ടുകളെ വേദപുസ്തകമായി കണക്കാക്കാനാവില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രശാന്ത് ഭൂഷണോട് പറഞ്ഞിരുന്നു. ഈ അദാനി കേസില്‍ സെബിയ്‌ക്കെതിരെ ആഞ്ഞടിച്ച പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയുടെ വിഷമകരമായ ഒട്ടേറെ ചോദ്യങ്ങളും നേരിടേണ്ടതായി വന്നു. പ്രശാന്ത് ഭൂഷന്റെ അഭിഭാഷക ജീവിതത്തിലെ വലിയൊരു തിരിച്ചടിയായിരുന്നു അദാനി കേസില്‍ സംഭവിച്ചത്.
അതുപോലെ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റില്‍ നിന്നും തീഹാര്‍ ജയിലില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന അഭിഷേക് മനു സിംഘ് വിയ്‌ക്കും തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി തുടര്‍ച്ചയായി ദല്‍ഹി ഹൈക്കോടതി നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയ അഭിഷേക് മനുസിംഘ് വിയുടെ അപേക്ഷ തിടുക്കത്തില്‍ എടുക്കാനൊന്നും സുപ്രീംകോടതി തയ്യാറായതുമില്ല. അതുപോലെ മുന്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ ജാമ്യത്തിലിറക്കാനും പഠിച്ച പണി പതിനെട്ടും അഭിഷേക് മനു സിംഘ് വി നോക്കി. ഫലിച്ചില്ല. തന്റെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അഭിഷേക് മനു സിംഘ് വിയ്‌ക്ക് കിട്ടിയത്.
ദല്‍ഹി ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയുടെ നിരീക്ഷണങ്ങള്‍ ഇവയാണ് : “കെജ്രിവാള്‍ കേസില്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് അല്ലാതെ രാഷ്‌ട്രീയ ധാര്‍മ്മികതയല്ല കോടതിയുടെ പ്രശ്നം. ഇഡി ആവശ്യത്തിന് തെളിവുകള്‍ നല്‍കിയിട്ടുണ്ട് (ഇതില്‍ വാട്സാപ് ചാറ്റുകള്‍ വരെയുണ്ട്). മാപ്പുസാക്ഷികളുടെ മൊഴികളും നല്‍കിയിട്ടുണ്ട്. ഗോവ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പണം നല്‍കിയെന്ന് ഗോവയിലെ സ്ഥാനാര്‍ത്ഥി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഗോവ തെരഞ്ഞെടുപ്പിന് പണം അയച്ചതിന്റെ പൂര്‍ണ്ണ ചിത്രം വെളിവാക്കുന്നു”. ഇതിനെതിരെ ഒരു വാദമുഖവും അഭിഷേക് മനു സിംഘ് വിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
600 അഭിഭാഷകര്‍ അയച്ച കത്ത്
മാത്രമല്ല, പ്രശാന്ത് ഭൂഷണ്‍, അഭിഷേക് മനു സിംഘ് വി, കപില്‍ സിബല്‍, പി.ചിദംബരം എന്നിവഎന്നിവരെ പേരെടുത്ത് പറയാതെ തന്നെ അവര്‍ക്കെതിരെ എന്ന് തോന്നിക്കുന്ന രീതിയില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിടുന്ന 600 അഭിഭാഷകര്‍ ഒപ്പിട്ട് ഈയിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അയച്ച കത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു ഗൂഢസംഘം കോടതിവിധികള്‍ അവര്‍ക്ക് അനുകൂലമായി തിരിക്കുന്നതിനെ 600 അഭിഭാഷകര്‍ ഒപ്പിട്ട കത്ത് ശക്തമായി വിമര്‍ശിക്കുന്നു.. ഇനിയും ഇവരുടെ വാദങ്ങള്‍ക്ക് വെറുതെ അനുകൂല വിധി പുറപ്പെടുവിച്ചാല്‍ ഇടപെടും എന്ന രീതിയില്‍ തന്നെയാണ് അഭിഭാഷകര്‍ കത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഈ കത്തില്‍ ഒപ്പുവെച്ചവരില്‍ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മനൻ കുമാർ മിശ്രയും ഉള്‍പ്പെടുന്നു. മാത്രമല്ല കത്തില്‍ വളച്ചുകെട്ടില്ലാതെ തന്നെയാണ് ഇവര്‍ കാര്യങ്ങള്‍ പറയുന്നത്. ഒരു സംഘം ജുഡീഷ്യറിയെ സമ്മർദത്തിലാക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നത് ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ തറപ്പിച്ച് പറയുന്നു. “അവരുടെ സമ്മർദ തന്ത്രങ്ങൾ രാഷ്‌ട്രീയ കേസുകളിൽ വളരെ വ്യക്തമാണ്, പ്രത്യേകിച്ച് അഴിമതി ആരോപണവിധേയരായ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്നവ. ഈ തന്ത്രങ്ങൾ നമ്മുടെ കോടതികളെ നശിപ്പിക്കുകയും നമ്മുടെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,” – കത്തില്‍ പറയുന്നു.
കത്ത് ഒരു വിഭാഗം അഭിഭാഷകരെ പേരെടുത്ത് പറയാതെ ടാർഗെറ്റുചെയ്യുന്നു- “ഇക്കൂട്ടര്‍ രാഷ്‌ട്രീയക്കാരെ പകൽ സംരക്ഷിക്കുകയും രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു”. കത്തിന് പിന്നിലെ അഭിഭാഷകർ പ്രത്യേക കേസുകളൊന്നും പരാമർശിച്ചിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, സോറന്‍, കെ.കവിത എന്നിവര്‍ ഉൾപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട നിരവധി ഉന്നത ക്രിമിനൽ കേസുകൾ കോടതികൾ കൈകാര്യം ചെയ്യുന്ന സമയത്താണ് ഈ കത്ത് എത്തിയിരിക്കുന്നത്.
നിസ്സാര യുക്തിയുടെയും പഴകിയ രാഷ്‌ട്രീയ അജണ്ടകളുടേയും പുറത്താണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും കത്തിൽ അഭിഭാഷകർ ആരോപിച്ചു.
“ഈ താൽപ്പര്യ ഗ്രൂപ്പ് വിവിധ രീതികളിൽ പ്രവർത്തിക്കുന്നു. അവർ കോടതികളുടെ ‘നല്ല ഭൂതകാലം’, ‘സുവർണ്ണ കാലഘട്ടം’ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ സൃഷ്ടിക്കുന്നു, അത് വർത്തമാനകാല സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നു. ചില രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കോടതി വിധികളെ അട്ടിമറിക്കാനും കോടതികളെ നാണം കെടുത്താനും വേണ്ടിയുള്ള മനഃപൂർവമായ പ്രസ്താവനകളല്ലാതെ മറ്റൊന്നുമല്ല ഇത്. 600 അഭിഭാഷകർ ഒപ്പിട്ട പരാതിയിൽ വ്യക്തമാക്കി.
“ബെഞ്ച് ഫിക്സിംഗ്” എന്ന മുഴുവൻ സിദ്ധാന്തവും സംഘം കെട്ടിച്ചമച്ചിട്ടുണ്ടെന്നും അത് അനാദരവും അവഹേളനവും മാത്രമല്ല, നമ്മുടെ കോടതികളുടെ ബഹുമാനത്തിനും അന്തസ്സിനുമെതിരായ ആക്രമണമാണ്, ചിലപ്പോൾ ഇത് അപകീർത്തിപ്പെടുത്താനും ഇടയാക്കുന്നു” എന്നും കത്തിൽ കൂട്ടിച്ചേർക്കുന്നു.
നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളുമായി നമ്മുടെ കോടതികളെ താരതമ്യപ്പെടുത്തുകയും നമ്മുടെ ജുഡീഷ്യൽ സ്ഥാപനങ്ങളെ അന്യായമായ രീതികളിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്ന തലത്തിലേക്ക് നിക്ഷിപ്ത താൽപ്പര്യ ഗ്രൂപ്പിലെ അംഗങ്ങൾ എത്തിയെന്ന് അഭിഭാഷകർ പറഞ്ഞു. ഇത് വെറും വിമർശനങ്ങൾക്കപ്പുറം നമ്മുടെ ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാനും നമ്മുടെ നിയമങ്ങളുടെ ന്യായമായ പ്രയോഗത്തെ ഭീഷണിപ്പെടുത്താനുമുള്ള നേരിട്ടുള്ള ആക്രമണങ്ങളാണ് .
“അവരുടെ പ്രവർത്തനരീതിയുടെ സമയവും സൂക്ഷ്മമായ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കണം. അവർ അത് വളരെ തന്ത്രപ്രധാനമായ സമയത്താണ് ചെയ്യുന്നത്, രാഷ്‌ട്രം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ” 2018-2019 ലെ സമാനമായ വിഡ്ഢിത്തങ്ങളെക്കുറിച്ച് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
“വ്യക്തിപരവും രാഷ്‌ട്രീയവുമായ കാരണങ്ങളാൽ കോടതികളെ ഇകഴ്‌ത്താനും കൈകാര്യം ചെയ്യാനുമുള്ള ഈ ശ്രമങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ല,” അഭിഭാഷകർ പറഞ്ഞു, “ശക്തമായി നിൽക്കാനും ഈ ആക്രമണങ്ങളിൽ നിന്ന് നമ്മുടെ കോടതികളെ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളാനും” സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.
ഈ കത്ത് കോടതികളെ കുറെക്കൂടി ജാഗരൂകരാക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: