കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം ഇത്തവണ കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയത്. കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ക്വിറ്റ് രാഹുല്‍, വെല്‍കം മോദി എന്നാണ് വയനാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന അജന്‍ഡയ്ക്ക് ജനം വോട്ട് ചെയ്യും. നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത് – വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാർമ്മികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാട് ജനത ഉചിതമായ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചർച്ചകൾ നടക്കുന്നുണ്ട്. ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: